മെല്‍ബണ്‍: പരിക്കിനെയും എതിരാളിയുടെ പോരാട്ടവീര്യത്തെയും അതിജീവിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയിലെത്തി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ സീ‍ഡ് ചെയ്യപ്പെടാത്ത അമേരിക്കന്‍ താരം ടെന്നിസ് സാന്‍ഡ്ഗ്രെനിനെ കീഴടക്കിയാണ് മൂന്നാം സീഡായ ഫെഡറര്‍ സെമിയിലെത്തിയത്. സ്കോര്‍ 6-3, 2-6, 2-6, 7-6, 6-3. ഏഴ് മാച്ച് പോയന്റുകള്‍ അതിജീവിച്ചാണ് ഫെഡററുടെ അവിശ്വസനീയ ജയം.

ആദ്യ സെറ്റ് അനായാസം നേടിയ ഫെഡറര്‍ക്ക് പക്ഷെ തുടയിലെ പരിക്ക് അലട്ടിയതോടെ രണ്ടു മൂന്നും സെറ്റുകളില്‍ കാര്യമായൊന്നും ചെയ്യാനായില്ല. നിര്‍ണായ നാലാം സെറ്റ് ടൈ ബ്രേക്കറിലേക്ക് നീങ്ങിയതോടെ ഒരിക്കല്‍ കൂടി ഫെഡറര്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തി. 7-6ന് നാലാം സെറ്റ് സ്വന്തമാക്കിയ ഫെഡറര്‍ അഞ്ചാം സെറ്റില്‍ എതിരാളിക്ക് അവസരമൊന്നും നല്‍കാതെ സെറ്റും മത്സരവും സ്വന്തമാക്കി.

കരിയറില്‍ ഒരിക്കല്‍ പോലും പരിക്കിനെതുടര്‍ന്ന് മത്സരത്തിനിടെ പിന്‍വാങ്ങിയിട്ടില്ലാത്ത ഫെഡറര്‍ ഇവിടെയും ആ പതിവ് തെറ്റിച്ചില്ല. അതിന് ഫലമുണ്ടാകുകയും ചെയ്തു. പരിക്ക് അലട്ടിയതോടെ ഫെഡററുടെ സെര്‍വും സ്പീഡും ചലനങ്ങളുമെല്ലാം പതുക്കെയായി.

അവസരം മുതലെടുത്ത 100-ാം റാങ്കുകാരനായ സാന്‍ഡ്ഗ്രെന്‍ രണ്ട് സെറ്റ് നേടിയെങ്കിലും നിര്‍ണായക സമയത്ത് തന്റെ ക്ലാസ് തെളിയിച്ച ഫെഡറര്‍ മത്സരം സ്വന്തമാക്കി. ഇതോടെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലെ അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്താനും ഫെഡറര്‍ക്കായി. നൊവാക് ജോക്കോവിച്ച് -മിലോസ് റാവോണിക്ക് മത്സര വിജയിയാകും സെമിയില്‍ ഫെഡററുടെ എതിരാളി.