മെല്‍ബണ്‍: പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ നിന്ന് പിന്‍മാറി. രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പമാണ് സാനിയ മിക്സഡ് ഡബിള്‍സില്‍ മത്സരിക്കാനിരുന്നത്. എന്നാല്‍ ഡബിള്‍സില്‍ യുക്രൈനിന്റെ നാദിയ കിചെനോക്കിനൊപ്പം സാനിയ മത്സരിക്കും.

അമ്മയായതിനുശേഷമുള്ള തിരിച്ചുവരവില്‍ സാനിയ കളിക്കുന്ന ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റാണിത്. ഇതിന് മുന്നോടിയായി നടന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ നാദിയ കിചെനോക്കിനൊപ്പം മത്സരിച്ച സാനിയ കിരീടം നേടിയിരുന്നു. വലതു തുടയിലെ വേദനമൂലമാണ് മിക്സഡ് ഡബിള്‍സില്‍ നിന്ന് പിന്‍മാറുന്നതെന്ന് സാനിയ വ്യക്തമാക്കി.

ഹൊബാര്‍ട്ടില്‍ ഫൈനല്‍ മത്സരത്തിനിടെ ഡ്രോപ്പ് ഷോട്ട് ഓടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സാനിയക്ക് പരിക്കേറ്റത്. മിക്സഡ് ഡബിള്‍സില്‍ നിന്ന് പിന്‍മാറിയതിനാല്‍ ഡബിള്‍സില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാനിയ പറഞ്ഞു.

മിക്സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പം കളിക്കാനാവാത്തത് നിര്‍ഭാഗ്യകരമാണെന്നും സാനിയ പറഞ്ഞു. 15 മാസം പ്രായമുള്ള മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പമാണ് സാനിയ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനെത്തിയിരിക്കുന്നത്.