മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ യുക്രൈനിന്റെ നാദിയ കിചേനോക് സഖ്യം മത്സരത്തിനിടെ പിൻമാറി. ആദ്യ റൗണ്ടിൽ ചൈനീസ് സഖ്യമായ സിന്യൂന്‍ ഹാന്‍-ലിന്‍ സു സഖ്യത്തെ നേരിടുന്നതിനിടെ സാനിയക്ക് തുടയില്‍ പരിക്കേറ്റതോടെയാണ് പിൻമാറ്റം. മത്സരത്തിൽ ചൈനീസ് സഖ്യം ആദ്യ സെറ്റ് 6-2 ന് സ്വന്തമാക്കുകയും രണ്ടാം സെറ്റില്‍ 1-0ന് മുന്നിട്ടുനിൽക്കുകയും ചെയ്യുമ്പോഴായിരുന്നു സാനിയ സഖ്യത്തിന്റെ പിന്‍മാറ്റം.

നേരത്തേ, രോഹൻ ബൊപ്പണ്ണയ്ക്കൊപ്പമുള്ള മിക്സഡ് ഡബിൾസിൽ നിന്നും സാനിയ പിൻമാറിയിരുന്നു. അമ്മയായതിനുശേഷമുള്ള തിരിച്ചുവരവില്‍ സാനിയ കളിക്കുന്ന ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായിരുന്നു ഓസ്ട്രേലിയന്‍ ഓപ്പണ്‍. ഇതിന് മുന്നോടിയായി നടന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ നാദിയ കിചേനോക്കിനൊപ്പം മത്സരിച്ച സാനിയ കിരീടം നേടിയിരുന്നു. വലതു തുടയിലെ വേദനമൂലം ഇന്നലെ  മിക്സഡ് ഡബിള്‍സില്‍ നിന്ന് സാനിയ പിന്‍മാറിയിരുന്നു.

ഹൊബാര്‍ട്ടില്‍ ഫൈനല്‍ മത്സരത്തിനിടെ ഡ്രോപ്പ് ഷോട്ട് ഓടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സാനിയയുടെ തുടയില്‍ പരിക്കേറ്റത്. 15 മാസം പ്രായമുള്ള മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിനൊപ്പമാണ് സാനിയ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനെത്തിയിരുന്നത്.