ദില്ലി: നഗ്നപാദനായി 100 മീറ്റര്‍ ദൂരം 11 സെക്കന്‍ഡില്‍ ഓടിയെത്തിയ 19കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ യുവതാരത്തിന് സഹായ വാഗ്ദാനവുമായി  കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു. മധ്യപ്രദേശിലെ രാമേശ്വര്‍ ഗുര്‍ജാര്‍ എന്ന 19 കാരന്‍ 100 മീറ്റര്‍ ദൂരം 11 സെക്കന്‍ഡില്‍ നഗ്നപാദനായി ഓടിയെത്തുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

റോഡിലൂടെയായിരുന്നു രാമേശ്വര്‍ ഗുര്‍ജാറിന്റെ അതിവേഗ സ്പ്രിന്റ്. വീഡിയോയുടെ ദൈര്‍ഘ്യം 11 സെക്കന്‍ഡ് മാത്രമാണ് എന്നതിനാലാണ് ഇയാള്‍ 11 സെക്കന്‍ഡില്‍ 100 മീറ്റര്‍ ദൂരം താണ്ടിയതായി കണക്കാക്കുന്നത്. എന്തായാലും സംഭവം മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്യുകയും കേന്ദ്ര കായികമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെയാണ് കിരണ്‍ റിജ്ജു പ്രിതകരണവുമായി എത്തിയത്. നേരത്തെ മധ്യപ്രദേശ് കായിക മന്ത്രി ജിതു പട്‌വാരിയും ഈ വിഡിയോ പങ്കുവെച്ചിരുന്നു.

രാമേശ്വറിനെ എത്രയും വേഗം ആരെങ്കിലും തന്റെ അടുത്തെത്തിക്കണമെന്നും അത്‌ലറ്റിക് അക്കാദമിയില്‍ യുവതാരത്തിന് പ്രവേശനം ഉറപ്പാക്കാമെന്നും കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലെ ശിവ്‌പുരി ജില്ലയിലെ കര്‍ഷക കുടുംബാംഗമാണ് രാമേശ്വര്‍ എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10.26 സെക്കന്‍ഡില്‍ ഓടിയെത്തിയ അമിയ മല്ലിക്കിന്റെ പേരിലാണ് നിലവിലെ 100 മീറ്റര്‍ ദേശീയ റെക്കോര്‍ഡ്. ലോക റെക്കോര്‍ഡാകട്ടെ 9.58 സെക്കന്‍ഡില്‍ ഓടിയെത്തിയ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലും.