മ്യൂണിക്ക്: കടം വീട്ടാന്‍ ടെന്നീസില്‍ നിന്ന് നേടിയ ട്രോഫികളും സുവനീറുകളും ലേലത്തിന് വെച്ച് ജര്‍മന്‍ ടെന്നീസ് ഇതിഹാസവും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായിരുന്ന ബോറിസ് ബെക്കര്‍. പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം നേടി ചരിത്രം കുറിച്ച ബെക്കര്‍ കരിയറില്‍ നേടിയ മെഡലുകളും കപ്പുകളും വാച്ചുകളും, ഫോട്ടോകളും അടക്കം 82 സാധനങ്ങളാണ് ഓണ്‍ലൈനായി ലേലത്തില്‍ വെക്കുന്നത്. കടക്കെണി മൂലം 2017ല്‍ 51കാരനായ ബെക്കറിനെ ബാങ്കുകള്‍ പാപ്പരായി പ്രഖ്യാപിച്ചിരുന്നു.

ബ്രിട്ടീഷ് സ്ഥാപനമായ വെയില്‍സ് ഹാര്‍ഡിയാണ് ഓണ്‍ലൈന്‍ വഴി ഇവ ലേലത്തിന് വെച്ചിരിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ലേലം ജൂലൈ 11 വരെ തുടരും.1985 ല്‍ കൗമാരതാരമായി വിംബിള്‍ഡണെത്തിയ ബെക്കര്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ കറനെ നാലു സെറ്റില്‍ അട്ടിമറിച്ച് കിരീടം നേടിയാണ് ചരിത്രമെഴുതിയത്.

തൊട്ടടുത്ത വര്‍ഷം ലോക ഒന്നാം നമ്പറായിരുന്ന ഇവാന്‍ ലെന്‍ഡലിനെ കീഴടക്കി കിരീടം നിലനിര്‍ത്തുക കൂടി ചെയ്തതോടെ ബെക്കര്‍ ടെന്നീസ് ആരാധകര്‍ക്കിടയില്‍ ‘ബൂം ബൂം ബെക്കര്‍’ ആയി. ഓസ്ട്രേലിയന്‍ ഓപ്പണ്‍(1991, 1996), വിംബിള്‍ഡണ്‍(1985, 1986, 1989), യുഎസ് ഓപ്പണ്‍(1989) എന്നിവയാണ് ബെക്കര്‍ നേടിയ ഗ്രാന്‍സ്ലാം കിരീടങ്ങള്‍.

കരിയറില്‍ ആറു ഗ്രാന്‍സ്ലാം കീരീടങ്ങള്‍ അടക്കം 49 കീരീടങ്ങള്‍ നേടിയിട്ടുള്ള ബെക്കര്‍ രണ്ട് കോടി യൂറോ സമ്മാനത്തുകയായി മാത്രം സ്വന്തമാക്കിയിട്ടുണ്ട്. ആഡംബര ജീവിതവും ബിസിനസിലെ തിരിച്ചടികളുമാണ് താരത്തെ സാമ്പത്തികമായ തകര്‍ത്തത്. ആഡംബര ഭവനങ്ങളുടെ മേലുള്ള കടവും നൈജീരിയയിലെ എണ്ണപ്പാടങ്ങളിലുള്ള നിക്ഷേപമായിരുന്നു ബെക്കറിന് ഏറ്റവും വലിയ തിരിച്ചടിയായെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു.