ഗുവാന്‍ഷൗ: തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ പി വി സിന്ധുവിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ലോക രണ്ടാം നമ്പര്‍ ചെന്‍ യു ഫീയോടാമ് സിന്ധു ഒന്നിനെതിരെ രണ്ട്ഗെയിമുകള്‍ക്ക് അടിയറവ് പറഞ്ഞത്. സ്കോര്‍ 20-22, 21-16, 21-12. അകനെ യമഗൂച്ചി-ബിംഗ് ജിയാവോ ഹെ പോരാട്ടത്തില്‍ യമഗൂച്ചി ജയിച്ചാല്‍ സിന്ധു ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.

ആദ്യ ഗെയിമില്‍ ചെന്‍ യു ഫീ 8-4ന് ലീഡെടുത്തെങ്കിലും ശക്തമായി തിരിച്ചടിച്ച സിന്ധു മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ മൂന്ന് ഗെയിം പോയന്റ് നേടിയ യു ഫീയെ സമ്മര്‍ദ്ദത്തിലാക്കി നാടകീയമായി 22-20ന് സിന്ധു ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പൊരുതിയ സിന്ധുവിന് പക്ഷെ പിന്നീട് ഈ മികവ് നിലനിര്‍ത്താനായില്ല. 21-16ന് യു ഫീ ഗെയിം സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചെത്തി.

നിര്‍ണായക മൂന്നാം ഗെയിമിലും തുടക്കത്തില്‍ ഒപ്പത്തിനൊപ്പം പൊരുതിയ സിന്ധു പക്ഷെ ഇടവേളക്കുശേഷം ഒമ്പത് പോയന്റില്‍ എട്ടും നഷ്ടമാക്കി മത്സരം കൈവിട്ടു. ബുധനാഴ്ച നടന്ന ആദ്യ മത്സരത്തില്‍ യമഗൂച്ചിയോട് സിന്ധു ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.