ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിൽ ക്വാര്‍ട്ടര്‍ തേടി എച്ച് എസ് പ്രണോയ് ഇന്നിറങ്ങും. ടോപ് സീഡ് കെന്‍റോ മൊമോട്ടയാണ് മലയാളിതാരത്തിന്‍റെ എതിരാളി. ചൈനീസ് വന്മതിൽ മറികടന്ന മലയാളിതാരത്തിന് മുന്നിലേക്കാണ് ജാപ്പനീസ് അതികായനെത്തുന്നത്. ഇതിഹാസ താരം ലിന്‍ ഡാനെ നിലംപരിശാക്കിയ അത്മവിശ്വാസമാകും പ്രീക്വാര്‍ട്ടര്‍ പോരില്‍ എച്ച് എസ് പ്രണോയിയുടെ കൈമുതൽ. 

നിലവിലെ ലോകചാംപ്യനായ കെന്‍റോ മൊമോട്ട ഈ വര്‍ഷം ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ അടക്കം അഞ്ച് കിരീടം നേടിക്കഴിഞ്ഞു. ഇരുവരും ഇതിന് മുന്‍പ് നേര്‍ക്കുനേര്‍ വന്ന അഞ്ച് മത്സരങ്ങളില്‍ ജയിച്ചതും ജാപ്പനീസ് താരം. 2014ന് ശേഷം മൊമോട്ടയ്ക്കെതിരെ ഒരു ഗെയിം പോലും നേടാനും പ്രണോയിക്കായിട്ടില്ല. എന്നാല്‍ വലിയ നേട്ടങ്ങളൊക്കെ അവഗണിക്കുന്ന മേലാളന്മാര്‍ക്ക് മറുപടി നൽകാന്‍ കൂടി പ്രണോയി ഇന്നിറങ്ങുമ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിൽ ഇന്ത്യന്‍ ബാഡ്‌മിന്‍റണിന് സൂപ്പര്‍ തേസ്‌ഡേ പ്രതീക്ഷിക്കാം.

പ്രണോയ്‌ക്കൊപ്പം കെ ശ്രീകാന്ത്, ബി സായ്‌പ്രണീത് വനിതകളിൽ പി വി സിന്ധു, സൈന നെഹ്‍വാൾ എന്നിവരും ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്നിറങ്ങും. സായ്‌പ്രണീത് ഇന്തോനേഷ്യൻ താരം ആന്തണി ഗിന്റിംഗിനെയും കെ ശ്രീകാന്ത് തായ്‍ലൻഡ് താരം കന്റഫോണിനെയും നേരിടും. വനിതകളിൽ സൈന ഡെൻമാർക്കിന്റെ മിയ ബ്ലിഷ്ഫെൽറ്റിനെയും സിന്ധു ചൈനയുടെ ബെയ്‍വെൻ ഷാംഗിനെയും നേരിടും. പ്രീക്വാർട്ടറിൽ സിന്ധുവും സൈനയും നേരിട്ടുള്ള ഗെയ്മുകൾക്കാണ് ജയിച്ചത്.