ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ മൂന്നാം റൗണ്ട് ലക്ഷ്യമിട്ട് എച്ച് എസ് പ്രണോയിയും കെ ശ്രീകാന്തും ബി സായ് പ്രണീതും ഇന്നിറങ്ങും. അ‍ഞ്ചുതവണ ലോക ചാമ്പ്യനായ ചൈനയുടെ ലിൻ ഡാനാണ് പ്രണോയിയുടെ എതിരാളി. ഇതുവരെ ഏറ്റുമുട്ടിയ നാല് കളിയിൽ രണ്ടെണ്ണത്തിൽ പ്രണോയി ലിൻഡാനെ തോൽപിച്ചിട്ടുണ്ട്. 

വനിതകളിൽ പി വി സിന്ധുവും സൈന നെഹ്‍വാളും ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും. ആദ്യ റൗണ്ടിൽ ഇരുവർക്കും ബൈ ലഭിക്കുകയായിരുന്നു. 

ഒന്നിനെതിരെ രണ്ട് ഗെയ്‌മുകൾക്ക് ഫിൻലൻഡ് താരം ഏതു ഹെയ്നോയെ തോൽപിച്ചാണ് പ്രണോയി രണ്ടാം റൗണ്ടിലെത്തിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു പ്രണോയിയുടെ ജയം. സ്കോർ 17-21, 21-10, 21-11. കനേഡിയന്‍ താരം ജെയ്‌സൺ ആന്‍റണിയെ നേരിട്ടുള്ള ഗെയ്‌മുകൾക്ക് തോൽപ്പിച്ചാണ് പ്രണീത് ആദ്യ റൗണ്ട് പിന്നിട്ടത്.