ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്ന് സെമിപോരാട്ടം. പി വി സിന്ധുവും സായ്‌പ്രണീതും ഫൈനല്‍ ലക്ഷ്യമാക്കി കോര്‍ട്ടിലെത്തും. തായ് സു യിങ് എന്ന വമ്പന്‍ കടമ്പ മറികടന്നതിന്‍റെ ആത്മവിശ്വാസത്തിലെത്തുന്ന പി വി സിന്ധു ചൈനീസ് താരം ചെന്‍ യു ഫെയിനെ നേരിടും. 

ചൈനീസ് താരം ചെന്‍ യു ഫെയ് നാലാം സീഡും സിന്ധു അഞ്ചാം സീഡുമാണ്. ഇരുവരും തമ്മിൽ ഒന്‍പതാം മത്സരം. ഈ വര്‍ഷം ഇന്തൊനീഷ്യന്‍ ഓപ്പണിൽ അടക്കം അഞ്ച് ജയങ്ങള്‍ സ്വന്തം പേരിലുള്ളത് സിന്ധുവിന് ആത്മവിശ്വാസം നൽകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം 2.30ന് സിന്ധുവിന്‍റെ മത്സരം തുടങ്ങുമെന്നാണ് പ്രതീക്ഷ. രണ്ടാം സെമിയിൽ റച്ചാനോക് ഇന്‍റാനോണും നൊസോമി ഒക്കുഹാരയും നേര്‍ക്കുനേര്‍ വരും. 

പുരുഷ സെമിയിൽ ഇന്ത്യയുടെ സായി‌പ്രണീതിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി. മലയാളി താരം എച്ച് എസ് പ്രണോയിയെ തോൽപ്പിച്ച ലോക ഒന്നാം നമ്പര്‍ താരം കെന്‍റോ മൊമോട്ടയെ സായിക്ക് നേരിടണം. മൂന്നരയ്ക്ക് ശേഷമാകും സായിയുടെ മത്സരം.