ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ സെമിഫൈനൽ പ്രതീക്ഷയുമായി ഇന്ത്യയുടെ പി വി സിന്ധുവും ബി സായ്‌പ്രണീതും ഇന്നിറങ്ങും. സിന്ധു ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡ് തായ് സു യിംഗിനെ നേരിടും. ഇതുവരെ സിന്ധുവിനെതിരെ കളിച്ച 14 മത്സരങ്ങളിൽ പത്തിലും ചൈനീസ് തായ്‌പേയ് താരത്തിനായിരുന്നു ജയം. 

സായ്പ്രണീതിന് ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയാണ് എതിരാളി. ടൂർണമെന്‍റിൽ ജൊനാഥൻ നാലും സായ്‌പ്രണീത് പതിനാറും സീഡാണ്.

അതേസമയം മലയാളിതാരം എച്ച് എസ് പ്രണോയ് പ്രീക്വാർട്ടറിൽ പുറത്തായി. ലോക ഒന്നാം നമ്പർ താരം കെന്റ മെമോട്ട നേരിട്ടുള്ള ഗെയ്‌മുകൾക്ക് പ്രണോയിയെ തോൽപിച്ചു. സ്കോർ 21-19, 21-12. കെ ശ്രീകാന്തും പ്രീക്വാർട്ടറിൽ തോൽവി നേരിട്ടു. ഇന്തോനേഷ്യൻ താരം കന്‍റാഫോൺ നേരിട്ടുള്ള ഗെയ്‌മുകൾക്ക് ശ്രീകാന്തിനെ തോൽപിച്ചു. സ്‌കോ‍ർ 21-14, 21-13. വനിതകളിൽ സൈന നെഹ്‌വാളും പ്രീക്വാർട്ടറിൽ തോൽവി നേരിട്ടു.