ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗത്തില്‍ സായ് പ്രണീതും ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അമേരിക്കയുടെ ബി സാംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്കോര്‍ 21-14, 21-6. അനായാസമായിരുന്നു സിന്ധുവിന്റെ വിജയം.

ആദ്യ ഗെയിമില്‍ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം(5-5)നിന്ന സാംഗിന് പക്ഷെ കോര്‍ട്ട് നിറഞ്ഞുകളിച്ച സിന്ധുവിന്റെ മികവിന് മുന്നില്‍ പക്ഷെ അടിതെറ്റി. 8-6ന് ആദ്യം മുന്നിലെത്തിയ സിന്ധു പിന്നീടൊരിക്കലും ലീഡ് വിട്ടുകൊടുത്തില്ല. രണ്ടാം ഗെയിമില്‍ തുടക്കത്തിലെ ആധിപത്യം നേടിയ സിന്ധു അനായാസം ഗെയിമും മത്സരവും സ്വന്തം പേരിലാക്കി.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സായ് പ്രണീത് ലോക എട്ടാം നമ്പര്‍ താരം ഇന്‍ഡോനേഷ്യയുടെ ആന്റണി സിനിസുകയെ അട്ടിമറിച്ചാണ് ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണീതിന്റെ വിജയം. സ്കോര്‍ 21-19, 21-13. ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം പോരുതിയ സിനിസുകയ്ക്ക് അവസരമൊന്നും നല്‍കാതെയായിരുന്നു രണ്ടാം ഗെയിമില്‍ പ്രണീതിന്റെ മുന്നേറ്റം.

അതേസമയം, പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്നു മലയാളി താരം എച്ച് എസ് പ്രണോയ് ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയോട് തോറ്റ് പുറത്തായി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു മൊമോട്ടയുടെ ജയം. സ്കോര്‍ 21-19, 21-12. ആദ്യ ഗെയിമില്‍ മൊമോട്ടയെ വിറപ്പിച്ചെങ്കിലും രണ്ടാം ഗെയിമില്‍ അതേ മികവ് നിലനിര്‍ത്താന്‍ പ്രണോയിക്കായില്ല.