ഒട്ടാവ: ഒളിംപിക്‌സ് മാറ്റിവച്ചില്ലെങ്കില്‍ ടീമിനെ അയക്കില്ലെന്ന് കനേഡിയന്‍ ഒളിംപിക് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയാണ് കാനഡയുടെ പ്രഖ്യാപനം. എന്നാല്‍ ഒളിംപിക്‌സിന്റെ കാര്യത്തില്‍ നാലാഴ്ചക്കുള്ളില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ഒളിന്പിക്‌സ് സമിതി അറിയിച്ചു. ഗെയിംസ് മാറ്റേണ്ടി വരുമെന്ന് ജപ്പാന്‍ ആദ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു.

കൊവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുമ്പോഴും മുന്‍ നിശ്ചയിച്ച പ്രകാരം ഒളിംപിക്‌സ് നടക്കുമെന്നായിരുന്നു ഐഒസി അധ്യക്ഷന്‍ തോമസ് ബാക്കും വേദിയൊരുക്കുന്ന ജപ്പാനും പറഞ്ഞിരുന്നത്. എന്നാല്‍ ഒളിംപിക്‌സ് മാറ്റേണ്ടി വന്നേക്കുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ പാര്‍ലമെന്ററി സമിതിക്ക് മുന്‍പാകെ അറിയിച്ചു. ആദ്യമായാണ് ജപ്പാന്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്.

കായിക മഹോത്സവമായതിനാല്‍ ഗെയിംസ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തില്ലെന്ന് ഒളിംപിക്‌സ് സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ സംഭവവികാസങ്ങളോടെ ജൂലൈ 24 ന് ഒളിംപിക്‌സ് തുടങ്ങുമെന്ന പിടിവാശി ഐഒസി ഉപേക്ഷിക്കുമെന്ന് ഉറപ്പായി.