വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ യാനിക് സിന്നറും കാര്‍ലോസ് അല്‍കാരസും ഏറ്റുമുട്ടും. 

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ യാനിക് സിന്നര്‍, കാര്‍ലോസ് അല്‍കാരസ് സൂപ്പര്‍ പോരാട്ടം. ലോക ഒന്നാം നമ്പര്‍ താരമായ സിന്നര്‍ നേരിട്ടുളള സെറ്റുകള്‍ക്ക് മുന്‍ ചാമ്പ്യന്‍ നൊവാക് ജോകോവിച്ചിനെ തോല്‍പിച്ചു. 6-3, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ഇറ്റാലിയന്‍ താരത്തിന്റെ ജയം. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ജോകോവിച്ചില്ലാതെ വിംബിള്‍ഡണ്‍ ഫൈനല്‍ നടക്കുന്നത്. ഏഴ് തവണ ചാമ്പ്യനായ ജോകോവിച്ചിനെ തോല്‍പിച്ച സിന്നര്‍ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഫൈനലില്‍ ഇറങ്ങുന്നത്.

നിലവിലെ ചാമ്പ്യനായ കാര്‍ലോസ് അല്‍കാരസ് സെമിയില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് അമേരിക്കയുടെ ടൈലര്‍ ഫ്രിറ്റ്‌സിനെ തോല്‍പിച്ചു. സ്‌കോര്‍ 6-4, 5-7, 6-3, 7-6. ആദ്യ സെറ്റ് നേടിയ അല്‍കാരസ്, രണ്ടാം സെറ്റ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നും നാലും സെറ്റുകള്‍ സ്വന്തമാക്കി അല്‍കാരസ് ഫൈനലിലെത്തി. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് അല്‍കാരസ് ഇറങ്ങുന്നത്. അവസാന രണ്ട് തവണയും ജോകോവിച്ചിനെ തോല്‍പിച്ചാണ് അല്‍കാരസ് കിരീടം നേടിയത്. ഞായറാഴ്ചയാണ് സിന്നര്‍ - അല്‍കാരസ് ഫൈനല്‍.

ആറാം ഗ്രാന്‍സ്ലാം കിരീടമാണ് അല്‍കാരസ് ലക്ഷ്യമിടുന്നത്. വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ രണ്ട് തവണ നേടിയ അല്‍കാരസ് ഒരു തവണ യുഎസ് ഓപ്പണിലും ചാമ്പ്യനായിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ താരത്തിന് ഇതുവരെ സ്വന്തമാക്കാനായിട്ടില്ല.

അതേസമയം, തന്റെ പ്രകടനങ്ങള്‍ക്ക് പ്രായം ബാധിച്ചുതുടങ്ങിയെന്ന് ജോക്കോവിച്ച് മത്സരശേഷം വ്യക്തമാക്കി. മുന്‍ ഒന്നാം നമ്പര്‍ താരത്തിന്റെ വാക്കുകള്‍... ''ഇതൊരു ദൗര്‍ഭാഗ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. പ്രായം മാത്രമാണ് കാരണം. ശരീരം ക്ഷീണിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി മുമ്പൊരിക്കലും ഇല്ലാത്ത വിധം പ്രായം എന്നെ ബാധിക്കുന്നു. സത്യം പറഞ്ഞാല്‍, എനിക്ക് അത് അംഗീകരിക്കാന്‍ പ്രയാസമാണ്. കാരണം ഞാന്‍ ഫിറ്റ് ആയിരിക്കുമ്പോള്‍ എനിക്ക് ഇപ്പോഴും വളരെ നന്നായി ടെന്നീസ് കളിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു. ഈ വര്‍ഷം എല്ലാ ഗ്രാന്‍സ്ലാമിലും ഞാന്‍ സെമിയിലെത്താന്‍ എനിക്ക് സാധിച്ചിരുന്നു.'' ജോക്കോവിച്ച് വ്യക്തമാക്കി.

YouTube video player