കൊച്ചി: 26 കളിക്കാരോട് ഒരേ സമയം ചെസ്സിൽ ഏറ്റുമുട്ടി മുൻ ലോക ചെസ് ഇതിഹാസം നൈജിൽ ഷോർട്ട്. ഏഴു വയസ്സുള്ള കൊച്ചു കുട്ടികൾ വരെ എതിരാളികൾ ആയിരുന്നെങ്കിലും താരത്തിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.

26 ചെസ് ബോർഡുകൾ, ഇരുപതിയാറിലുമായി 832 കരുക്കൾ. ഓരോന്നിന് മുന്നിലും ഒരാൾ വീതം. ഇവർ എല്ലാവർക്കും കൂടി ഒറ്റ എതിരാളി. ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡൻറും മുൻ ഇംഗ്ലീഷ് ഇതിഹാസവുമായ നൈജിൽ ഷോർട്ട്. നാല് മണിക്കൂറിലധികം നീണ്ട മത്സരത്തിൽ അത്ഭുതമൊന്നും സംഭവിക്കില്ലെന്ന് കരുതിയെങ്കിൽ തെറ്റി.

തിരുവനന്തപുരം ഭാരതീയ വിദ്യാഭവൻ സ്കൂളിലെ നാലാം ക്ലാസുകാരൻ സിദ്ധാർത്ഥ് ശ്രീകുമാറും കളമശ്ശേരി രാജഗിരി പബ്ലിക്ക് സ്കൂളിലെ ഒന്പതാം ക്ലാസുകാരൻ ഡി.വി അനന്തപത്മനാഭനും മുന്നിൽ ലോകോത്തര താരത്തിന് അടിപതറി. നാല് പേർ സമനിലയും പിടിച്ചു. മത്സരം കടുത്തതായിരുന്നെന്നും ചെസിനോടുള്ള മലയാളികളുടെ താത്പര്യം അത്ഭുതപെടുത്തിയെന്നും നൈജിൽ ഷോർട്ട് പറഞ്ഞു

ചെസ് കേരളയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ഇതാദ്യമായാണ് ഇത്തരമൊരു ചെസ് മത്സരം നടത്തുന്നത്.