Asianet News MalayalamAsianet News Malayalam

Commonwealth Games 2022 : നാലാം മെഡലുമായി ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെള്ളി

സ്നാച്ചിൽ ദേശീയ റെക്കോർഡും ക്ലീൻ ആൻഡ് ജെർക്കിൽ ദേശീയ റെക്കോ‍ർഡും ഗെയിംസ് റെക്കോർഡും സ്വന്തമാക്കിയാണ് ബിന്ധ്യാറാണി ദേവിയുടെ വെള്ളി മെഡൽ നേട്ടം

Commonwealth Games 2022 Bindyarani Devi won Silver In Womens 55kg Weightlifting
Author
Birmingham, First Published Jul 31, 2022, 8:04 AM IST

ബ‍ർമിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Commonwealth Games 2022) ബിന്ധ്യാറാണി ദേവിയിലൂടെ(Bindyarani Devi) രണ്ടാം വെള്ളിമെഡൽ സ്വന്തമാക്കി ഇന്ത്യ. രണ്ടാം ദിവസത്തെ അവസാന മത്സരത്തിലാണ് ബിന്ധ്യാറാണി ഗെയിംസില്‍(CWG 2022) ഇന്ത്യയുടെ നാലാം മെഡൽ സ്വന്തമാക്കിയത്. ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തിൽ 202 കിലോ ഉയർത്തിയാണ് നേട്ടം. സ്നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 116 കിലോയുമാണ് ബിന്ധ്യാറാണി ഉയർത്തിയത്. 

റെക്കോര്‍ഡിട്ട് ബിന്ധ്യാറാണി

സ്നാച്ചിൽ ദേശീയ റെക്കോർഡും ക്ലീൻ ആൻഡ് ജെർക്കിൽ ദേശീയ റെക്കോ‍ർഡും ഗെയിംസ് റെക്കോർഡും സ്വന്തമാക്കിയാണ് ബിന്ധ്യാറാണി ദേവിയുടെ വെള്ളി മെഡൽ നേട്ടം. കോമൺവെൽത്ത് ഗെയിംസില്‍ വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാബായി ചനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ഇത് കൂടാതെ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.

അഭിമാനം മീരാബായി ചനു

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണം മീരാബായി ചനുവിലൂടെയായിരുന്നു. 49 കിലോ ഭാരോദ്വഹനത്തിൽ ഗെയിംസ് റെക്കോ‍ർഡോടെയാണ് മീരാബായി സ്വർണം നിലനിർത്തിയത്. ആകെ 201 കിലോ ഉയ‍ർത്തിയാണ് സ്വർണനേട്ടം. സ്നാച്ചിൽ 88 കിലോ ഉയർത്തിയ മീരാബായി ക്ലീൻ ആൻഡ് ജെർക്കിൽ 113 കിലോയും ഉയർത്തി എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തി. രണ്ടാം സ്ഥാനത്ത് എത്തിയ മൗറീഷ്യസ് താരത്തിന് 172 കിലോ ഭാരം ഉയർത്താനേ കഴിഞ്ഞുള്ളൂ. ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവാണ് മീരാബായി ചനു.

ലോവ്‍ലിനയില്‍ പ്രതീക്ഷ 

ബോക്സിംഗിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ലോവ്‍ലിന ബോർഗോഹെയ്ൻ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. 70 കിലോ മിഡിൽവെയ്റ്റ് വിഭാഗത്തിലെ ആദ്യ മത്സരത്തിൽ ഒളിംപിക് മെഡൽ ജേതാവായ ലോവ്‍ലിന ന്യൂസിലൻഡ് താരത്തെ തോൽപിച്ചു. 5-0 എന്ന സ്കോറിനായിരുന്നു ലോവ്‍ലിനയുടെ ജയം. മറ്റൊരു മത്സരത്തിൽ മുഹമ്മദ് ഹുസാമുദ്ദീൻ ദക്ഷിണാഫ്രിക്കൻ താരത്തെ തോൽപിച്ച് പ്രീക്വാർട്ടറിലെത്തി. 

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; സങ്കേത് സാര്‍ഗറിന് വെള്ളി

Follow Us:
Download App:
  • android
  • ios