Asianet News MalayalamAsianet News Malayalam

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിലേക്ക് കണ്ണുനട്ട് കായികലോകം, ഇന്ത്യയെ നയിക്കാന്‍ സിന്ധുവും മന്‍പ്രീതും

ഓഗസ്റ്റ് എട്ടു വരെ 11 ദിവസം നീണ്ടു നില്‍ക്കുന്ന ഗെയിംസില്‍ 72 രാജ്യങ്ങളില്‍ നിന്നുള്ള 5054 കായിക താരങ്ങള്‍ 280 കായിക ഇനങ്ങളില്‍ മാറ്റുരയ്ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങളാണ് ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നത്.

Commonwealth Games 2022 Opening Ceremony, PV Sindhu and Manpreet Singh lead India
Author
Birmingham, First Published Jul 28, 2022, 11:46 PM IST

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് (CWG 2022)ഉദ്ഘാടനച്ചടങ്ങിലേക്ക് കണ്ണുനട്ട് കായികലോകം. ബര്‍മിങ്ഹാമിലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെ തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങിലെ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്‍റണ്‍ താരം പി വി സിന്ധുവും ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗുമാണ് ഇന്ത്യയെ നയിക്കുന്നത്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും സിന്ധുവാണ് ഇന്ത്യയുടെ ദേശീയ പതാകയേന്തിയത്. മന്‍പ്രീത് കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ പതാകവാഹകരില്‍ ഒരാളായിരുന്നു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച ഓസ്ട്രേലിയയുമായി മത്സരമുള്ളതിനാല്‍ ക്രിക്കറ്റ് താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെുടുക്കില്ല. മാര്‍ച്ച് പാസ്റ്റിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സംഘത്തിന് വിജയാശംസകള്‍ നേര്‍ന്നു.

ഓഗസ്റ്റ് എട്ടു വരെ 11 ദിവസം നീണ്ടു നില്‍ക്കുന്ന ഗെയിംസില്‍ 72 രാജ്യങ്ങളില്‍ നിന്നുള്ള 5054 കായിക താരങ്ങള്‍ 280 കായിക ഇനങ്ങളില്‍ മാറ്റുരയ്ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങളാണ് ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നത്. ഇവര്‍ക്കൊപ്പം ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേര്‍ കൂടി അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. ഷൂട്ടിംഗ് ഇത്തവണയില്ലെങ്കിലും ഗുസ്തി, ബോകസിംഗ്, ബാഡ്മിന്‍റണ്‍, ഹോക്കി, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. ഓഗസ്റ്റ് 8നാണ് ഗെയിംസിന്‍റെ സമാപനം.

സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുക. സോണി സിക്‌സ്, സോണി ടെന്‍ 1, സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി ടെന്‍ 4 ചാനലുകളില്‍ ഗെയിംസ് കാണാം.

മെഡല്‍ പ്രതീക്ഷകള്‍

പി വി സിന്ധു, മിരാഭായ് ചാനു, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബജ്റങ് പുനിയ, രവികുമാര്‍ ദഹിയ, മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പങ്കാല്‍ എന്നിവരടങ്ങുന്നതാണ് ഇത്തവണത്തെ ഇന്ത്യന്‍ സംഘം. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

Follow Us:
Download App:
  • android
  • ios