Asianet News MalayalamAsianet News Malayalam

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഗുസ്തിയില്‍ അന്‍ഷു മാലിക്കിന് വെള്ളി

നേരിയ പരിക്കുണ്ടായിരുന്നെങ്കിലും ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളായിരുന്നു അന്‍ഷു. ഓസ്‌ലോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയാണ് 21കാരിയായി അന്‍ഷു ഇന്ത്യയുടെ പ്രതീക്ഷയായി വളര്‍ന്നത്.

Commonwealth Games: Anshu Malik wins Silver medal in Freestye Wrestling
Author
Birmingham, First Published Aug 5, 2022, 10:29 PM IST

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഗുസ്തിയില്‍ 57 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്കിന് വെള്ളി. ഫൈനലില്‍ വീറോടെ പൊരുതിയെങ്കിലും നൈജീരിയയുടെ ഒഡുനായോ ഫൗള്‍സാഡെക്ക് മുമ്പില്‍ മുട്ടുകുത്തിയ അന്‍ഷുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സ്കോര്‍ 7-3. നൈജീരിയന്‍ താരത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്. മൂന്ന് തവണയും നൈജീരിയന്‍ താരം തോല്‍പ്പിച്ചത് ഇന്ത്യന്‍ താരത്തെയായിരുന്നു എന്നത് മറ്റൊരു കൗതുകമായി.

നേരിയ പരിക്ക് അലട്ടിയിരുന്നെങ്കിലും ബര്‍മിങ്ഹാമില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളായിരുന്നു അന്‍ഷു. ഓസ്‌ലോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയാണ് 21കാരിയായി അന്‍ഷു ഇന്ത്യയുടെ പ്രതീക്ഷയായി വളര്‍ന്നത്. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ വനിതാ താരവുമായിരുന്നു അന്‍ഷു. സെമിയില്‍ ഓസ്ട്രേലിയയുടെ ഐറീന്‍ സൈമനോയ്ഡിസിനെ 10-ന് മലര്‍ത്തിയടിച്ച മികവ് ആവര്‍ത്തിക്കാന്‍ ഫൈനലില്‍ അന്‍ഷുവിന് ആയില്ല.

പരിക്കുകള്‍ വലച്ചു, പഠനം മുടങ്ങി! ഒമ്പതാം വയസില്‍ 'ഒളിംപ്യനായ' ശ്രീശങ്കറിന്റെ യാത്ര ത്രില്ലര്‍ സിനിമയെ വെല്ലും

62 കിലോ ഗ്രാം വനിതകളുടെ  ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കും ഫൈനലിലെത്തിയിട്ടുണ്ട്. റിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവായ സാക്ഷി ബര്‍മിങ്ഹാമിലെ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷകളിലൊന്നാണ്. റെപ്പഷേജ് റൗണ്ടില്‍ ജയിച്ച ഇന്ത്യയുടെ ദിവ്യ കക്രന്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സരിക്കും.

പുരുഷ വിഭാഗം ഗുസ്തിയില്‍ 65 കിലോ ഗ്രാം വിഭാഗത്തില്ർ ഇന്ത്യയുടെ ബജ്റംഗ് പൂനിയ ഫൈനലിലെത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യനായ ബജ്റംഗ് ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. കടുത്ത പോരാട്ടം ജയിച്ച് ദിപക് പൂനിയയും 86 കിലോ ഗ്രാം പുരുഷ വിഭാഗത്തില്‍ ഫൈനലിലെത്തി ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.

അതേസമയം, 125 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മോഹിത് ഗ്രെവാള്‍ സെമിയില്‍ തോറ്റു. വെങ്കല മെഡല്‍ പോരാട്ടത്തിനായി ഗ്രെവാള്‍ ഇനി മത്സരിക്കും.

Follow Us:
Download App:
  • android
  • ios