ലണ്ടന്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി. എച്ച് സ് പ്രണോയ്, സമീര്‍ വര്‍മ, സൗരഭ് വര്‍മ, ഡബിള്‍സ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്‌വിക്‌സായ്‌രാജ് റാങ്കിറെഡ്ഡി, മനു ആട്രി, സുമീത് റെഡ്ഡി എന്നിവരാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത്.

അതേസയമം, മറ്റ് ഇന്ത്യന്‍ താരങ്ങളായ പി  വി സിന്ധു, കിംഡംബി ശ്രീകാന്ത്, സായ് പ്രണീത് എന്നിവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് ലോകമെമ്പാടും ഭീതി വിതക്കുന്ന പശ്ചാത്തലത്തില്‍ റിസ്ക് എടുക്കാന്‍ തയാറല്ലെന്ന് പ്രണോയ് ഇഎസ്‌പിഎന്നിനോട് പറഞ്ഞു. ഈ സമയം യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് സംഘാടകര്‍ മാറ്റിവെക്കുമെന്നാണ് കരുതുന്നതെന്നും പ്രണോയ് വ്യക്തമാക്കി.

ഈ മാസം 11നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. കൊറോണ വൈറസ് ബാധമൂലം ലോകമെമ്പാടുമായി 3300 പേര്‍ മരിച്ചതായാണ് കണക്ക്. ബ്രിട്ടനില്‍ ഇതുവരെ 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.