ആതന്‍സ്: കായികലോകത്തിന് ആശ്വാസമായി ഗ്രീസില്‍ ഒളിംപിക് ദീപം തെളിഞ്ഞു. ദീപശിഖ പ്രയാണത്തിന് പരമ്പരാഗത ചടങ്ങുകളോടെ തുടക്കമായി. പ്രാചീന ഒളിംപിക്സിന് വേദിയായ ഒളിംപിയിലായിരുന്നു ചടങ്ങുകള്‍. കൊവി‍ഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര ഒളിംപിക് സമിതിയുടെയും ആതിഥേയരായ ജാപ്പനീസ് സംഘത്തിന്‍റെയും പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.

ഗ്രീക്ക് നടി  സാന്റി ജോര്‍ജിയോ മഹാപുരുോഹിതയായി എത്തി സൂര്യപ്രകാശത്തിൽ നിന്ന് ഒളിംപിക് ദീപം തെളിച്ചു. 2016ലെ ഗെയിംസില്‍ ഗ്രീക്ക് ഷൂട്ടിംഗ് ചാംപ്യന്‍ ആയ അന്നാ കോരക്കാകി ആണ് ആദ്യം ദീപശിഖയേന്തിയത്. അന്നയിൽ നിന്ന് 2004ലെ ഗെിംസില്‍ സ്വര്‍ണം നേടിയ ജാപ്പനീസ് മാരത്തോൺ താരം മിസുകി നോഗൗച്ചി ദീപശിഖ സ്വീകരിച്ചു.

Read more: ടോക്കിയോ ഒളിംപിക്‌സ്: ദീപശിഖ തെളിയിക്കുന്ന ചടങ്ങില്‍ നിന്ന് കാണികളെ ഒഴിവാക്കി

എട്ട് ദിവസം ഗ്രീസിലെ നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന ദീപശിഖ ഈ മാസം 19ന് 1896ലെ ആദ്യ ഒളിംപിക്സിന് വേദിയായ ആതന്‍സിലെ പനാത്തേനിയന്‍ സ്റ്റേഡിയത്തിലെത്തും. അവിടെ നിന്ന് ടോക്കിയോ ഒളിംപിക്സ് സംഘാടകര്‍ക്ക് കൈമാറുന്ന ദീപശിഖ ജപ്പാനിലെ 121 ദിവസത്തെ പ്രയാണത്തിനുശേഷം ജൂലൈ 24ന്റെ ഒളിംപിക് ഉദ്ഘാടന ചടങ്ങില്‍ ദീപം തെളിയിക്കാനായി കൊണ്ടുവരും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആരാണ് ഒളിംപിക് ദീപം തെളിയിക്കുക എന്നത് അവസാന മിനിറ്റ് വരെ സസ്പെന്‍സ് ആയിരിക്കും. സുനാമി താണ്ഡവമാടിയ ഫുക്കുഷിമയില്‍ നിന്നാണ് ജപ്പാനിലെ ദീപശിഖ പ്രയാണം തുടങ്ങുക. ലോകം കോവിഡ് ആശങ്കയില്‍ നില്‍ക്കുമ്പോള്‍ ഒളിംപിക് ദീപം തെളിയിക്കല്‍ ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ ഗ്രീക്ക് ഒളിംപിക് കമ്മിറ്റിക്ക് ഐഒസി പ്രസിഡന്റ് തോമസ് ബാക്ക് നന്ദി പറഞ്ഞു.