ലണ്ടന്‍: കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ 14 ദിവസത്തെ ഏകാന്തവാസത്തില്‍ തുടരേണ്ടിവരുമോ എന്ന കാര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധനോട് വിശദീകരണം തേടി ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങള്‍. ബാഡ്മിന്റണ്‍ താരങ്ങളായ പി കശ്യപ്, സൈന നെഹ്‌വാള്ർ, പി വി സിന്ധു, സായ് പ്രണീത്,  കെ ശ്രീകാന്ത് എന്നിവരാണ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഇപ്പോള്‍ മത്സരിക്കുന്നത്.

ഇവരില്‍ കശ്യപും, സായ് പ്രണീതും ശ്രീകാന്തും ഫെബ്രുവരി 18 മുതല്‍ 23 വരെ സ്പെയിന്‍ മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ബാഴ്സലോണയില്‍ പോയിരുന്നു. ഈ സാഹചര്യത്തില്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ് ശേഷം ഇന്ത്യയിലെത്തിയാല്‍ നിലവിലെ വിസ ചട്ടങ്ങളനുസരിച്ച് 14 ദിവസത്തെ നിരീക്ഷണത്തില്‍ തുടരേണ്ടി വരുമോ എന്നാണ് താരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയോട് ചോദിച്ചിരിക്കുന്നത്.

14 ദിവസത്തെ ഏകാന്തവാസത്തില്‍ തുടരേണ്ടി വരികയാണെങ്കില്‍ സ്വിസ് ഓപ്പണിലും ഇന്ത്യ ഓപ്പണിലും തങ്ങള്‍ക്ക് പങ്കെടുക്കാനാവില്ലെന്നും താരങ്ങള്‍ പറയുന്നു. വിദേശികള്‍ക്ക് വിസ അനുവദിക്കുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കില്‍ ഇന്ത്യ ഓപ്പണ്‍ ടൂര്‍ണമെന്റ് എങ്ങനെ നടത്തുമെന്നും പി കശ്യപ് ചോദിച്ചു. ദുബായില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തില്‍ തങ്ങളെല്ലാം ബര്‍മിംഗ്ഹാമില്‍ കുടുങ്ങാനിടയുണ്ടെന്നും കശ്യപ് പറഞ്ഞു.

എന്നാല്‍ കശ്യപിനോട് താങ്കളുടെ ഫോണ്‍ നമ്പര്‍ തരാനും താങ്കളെ ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി ട്വിറ്ററില്‍ മറുപടി നല്‍കി.