പാരീസ്: കൊവിഡ് 19 ആശങ്കയെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്ക് മാറ്റി. മെയ് 24 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് സെപ്റ്റംബറിലേക്ക് മാറ്റിയത്. കൊവിഡ‍് 19 ആശങ്കയെത്തുടര്‍ന്ന് മാറ്റിവെക്കുന്ന ആദ്യ ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റാണിത്. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ നാലുവരെയാകും പുതിയ തിയതി.

സെപ്റ്റംബറിലേക്ക് മാറ്റിയതോടെ ചരിത്രത്തിലാദ്യമായി സീസണിലെ അവസാന ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായും ഫ്രഞ്ച് ഓപ്പണ്‍ മാറി. എന്നാല്‍ സെപ്റ്റംബര്‍ 25-27 തീയതികളില്‍ ലേവര്‍ കപ്പ് നടക്കുന്നതിനാല്‍ ഫ്രഞ്ച് ഓപ്പണെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ഫ്രഞ്ച് ഓപ്പണായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ മാറ്റി വാങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്യും. കൊവിഡ് 19 ആശങ്കയെത്തുടര്‍ന്ന് നേരത്തെ എടിപി ടൂര്‍സ് മത്സരങ്ങള്‍ ആറാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.

ഫ്രാന്‍സില്‍ ഇതുവരെ 6600 പേര്‍ക്ക് കൊവിഡ് 19 വൈറസ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 148 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.