വാഷിംഗ്ടണ്‍: കൊവിഡ് ബാധിതരായി കൂടുതൽ പ്രമുഖ കായിക താരങ്ങള്‍. അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ ലീഗായ എന്‍ബിഎയിലെ സൂപ്പര്‍ താരം കെവിന്‍ ഡ്യൂറന്‍റ് രോഗബാധിതനെന്ന് സ്ഥിരീകരിച്ചു. ബ്രൂക്‌‍ലിന്‍ നെറ്റ്സ് ടീമിലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചെന്നും എന്‍ബിഎ അധികൃതര്‍ വെളിപ്പെടുത്തി.

കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ എന്‍ബിഎ മത്സരങ്ങള്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. അതിനിടെ ഡാനിയേലാ റുഗാനിക്ക് പിന്നാലെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മറ്റൊരു സഹതാരം കൂടി കൊവിഡ് ബാധിതനായി. യുവന്‍റസിന്‍റെ ഫ്രഞ്ച് താരം ബ്ലെയിസ് മറ്റ്യൂഡിക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ്യൂഡി വീട്ടിൽ ഐസൊലേഷനിലാണെന്ന് യുവന്‍റസ് അറിയിച്ചു.

അതേസമയം സ്പാനിഷ് ക്ലബ്ബായ വലന്‍സിയയുടെ മൂന്നിലൊന്ന് താരങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. യൂറോപ്പിലെ ഫുട്ബോള്‍ ലീഗുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. കൊവിഡ് 19 ആശങ്കയെത്തുടര്‍ന്ന് ഈ വര്‍ഷം നടക്കേണ്ട യൂറോ കപ്പ് ഫുട്ബോളും കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പും അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു.