ടോക്യോ: കൊവിഡ് 19(കൊറോണ വൈറസ്) ഭീതിക്കിടയിലും ഒളിംപി‌ക്‌സ് മുന്നൊരുക്കങ്ങളുമായി ജപ്പാൻ മുന്നോട്ട്. ഒളിംപിക്‌സിന്‍റെ ഭാഗ്യചിഹ്നങ്ങൾ അടുത്തയാഴ്ച്ച ലോകപര്യടനം തുടങ്ങും. 

ടോക്യോ ഒളിപിക്‌സിന്‍റെ പ്രചാരകരായി മിററ്റോവയും സൊമേറ്റിയും വരവായി. ബാഴ്‌സലോണയിലാണ് ആദ്യ സ്വീകരണം. പാരീസും ദില്ലിയുമടക്കമുള്ള നഗരങ്ങളിൽ സ്വീകരണമുണ്ട്. ഒളിംപിക് ചരിത്രത്തിലാദ്യമായി അഞ്ച് മിനിറ്റിനുള്ളിൽ 33 മത്സരങ്ങളെ പരിചയപ്പെടുത്തുന്ന ചലന ചിത്രങ്ങൾ സംഘാടകസമിതി പുറത്തുവിട്ടു. കോവിഡ് വൈറസ് പരിഗണിച്ച് ദീപശിഖാ പ്രയാണം വെട്ടിക്കുറച്ചേക്കുമെന്നാണ് സൂചന. ജൂലൈ 24 നാണ് ഒളിപിക്‌സ് തുടങ്ങുന്നത്. 

ഭീതി വിതച്ച് കൊവിഡ് കൂടുതല്‍ പടരുന്നു

ലോകമെമ്പാടും കൊവിഡ് 19 ബാധിച്ചുള്ള മരണം 2800 കവിഞ്ഞു. ഇറാനിൽ മരിച്ചവരുടെ എണ്ണം 210 ആയി ഉയർന്നു. ടെഹ്റാനിലാണ് കൂടുതലും റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരണം 21 ആയി. ഇവിടെ 820 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയിൽ 63 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ അമ്പത് രാജ്യങ്ങളിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

കൊവിഡ് 19: ലോക ഷോട്ട്ഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ത്യയില്ല

കൊവിഡ് വൈറസ് കാരണം ലോക ഷോട്ട്ഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പിൻമാറി. സൈപ്രസിൽ അടുത്തമാസം നാലു മുതൽ 13 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ നിന്നാണ് പിൻമാറ്റം. കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് ദേശീയ റൈഫിൾ അസോസിയേഷൻ വ്യക്തമാക്കി. നേരത്തെ ജപ്പാനിലേയും കൊറിയയിലേയും പരിശീലനങ്ങള്‍ ഇന്ത്യ റദാക്കിയിരുന്നു.