Asianet News MalayalamAsianet News Malayalam

'കായിക താരങ്ങളെ അപമാനിച്ചു, പരാമർശം പിൻവലിച്ച് മാപ്പ് പറയണം'; പി ടി ഉഷയ്ക്കെതിരെ പ്രതിഷേധം ശക്തം

ലൈംഗിക പീഡന പരാതിയിൽ നീതി ലഭിക്കാതെ തെരുവിൽ പ്രതിഷേധിച്ച താരങ്ങൾക്കെതിരെ പി ടി ഉഷ നടത്തിയ പരാമർശം ശരിയായില്ലെന്ന് തുറന്നടിച്ച് ശശിതരൂർ, ആനി രാജ, പി കെ ശ്രീമതിയടക്കമുള്ള നേതാക്കൾ രംഗത്തെത്തി. 

criticism on pt ushas remark on wrestlers protest APN
Author
First Published Apr 28, 2023, 11:47 AM IST

ദില്ലി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരായ പരാമർശത്തിൽ പി ടി ഉഷയ്ക്കെതിരെ പ്രതിഷേധം ശക്തം. ലൈംഗിക പീഡന പരാതിയിൽ നീതി ലഭിക്കാതെ തെരുവിൽ പ്രതിഷേധിച്ച താരങ്ങൾക്കെതിരെ പി ടി ഉഷ നടത്തിയ പരാമർശം ശരിയായില്ലെന്ന് തുറന്നടിച്ച് ശശിതരൂർ, ആനി രാജ, പി കെ ശ്രീമതിയടക്കമുള്ള നേതാക്കൾ രംഗത്തെത്തി. 

'ലൈംഗികപീഡന പരാതി നൽകിയിട്ടും നീതി ലഭിക്കാതെ തെരുവിലിറങ്ങേണ്ടി വന്ന കായിക താരങ്ങളെ ഉഷ അവഗണിച്ചു. നീതിക്ക് വേണ്ടിയുള്ള കായികതാരങ്ങളുടെ സമരം ഒരിക്കലും രാജ്യത്തിനേ്റെ പ്രതിഛായക്ക് മങ്ങലല്ല. അവരുടെ പ്രശ്നങ്ങളെ അവഗണിക്കുന്നതും, കൃത്യമായ അന്വേഷണം നടത്താത്തതും നടപടിയെടുക്കാതിരിക്കുന്നതുമാണ് രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലാകുന്നതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. 

സമരം ചെയ്ത ഗുസ്തി താരങ്ങളെ അപമാനിച്ച പി ടി ഉഷ മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനി രാജയും തുറന്നടിച്ചു. നീതിക്കായി പൊരുതുന്ന താരങ്ങളെ അപമാനിക്കുന്നതാണ് ഉഷയുടെ അഭിപ്രായം. രാജ്യത്തിന്റെ യശസ്സുയർത്തിയ താരങ്ങൾക്ക് നീതി നിഷേധിക്കുന്നതാണ് രാജ്യത്തിന് അപമാനം. അതിജീവിതകൾക്ക് ഒപ്പം നിൽക്കുകയാണ് ഉഷ ചെയ്യേണ്ടിയിരുന്നതെന്നും ദേശീയ മഹിളാ ഫെഡറേഷൻ അധ്യക്ഷ കൂടിയായ ആനി രാജ അഭിപ്രായപ്പെട്ടു. 

നീതിക്കുവേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്നായിരുന്നു ഒളിംബ്യൻ നീരജ് ചോപ്രയുടെ പ്രതികരണം. രാജ്യത്തിനായി കഠിനാധ്വാനം ചെയ്തവരാണ് കായിക താരങ്ങൾ. ഓരോ പൗരന്‍റേയും അഭിമാനത്തെ സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. പക്ഷേ സംഭവിക്കാൻ പാടില്ലാത്തതാണ് നടക്കുന്നതെല്ലാം. വൈകാരികമായ വിഷയമാണിത്. അധികൃതർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

ഉഷയുടെ നിലപാട് ഞെട്ടിച്ചെന്നായിരുന്നു സമരം ചെയ്യുന്ന ഗുസ്തി താരം ബജ്രംഗ് പുനിയയുടെ  പ്രതികരണം. 

ഗുസ്തി താരങ്ങളുടെ സമരത്തിനെതിരായ പരാമ‍ര്‍ശത്തിൽ പി ടി ഉഷയെ വിമർശിച്ച സിപിഎം നേതാവ് പി കെ ശ്രീമതി പ്രസ്താവന പിൻവലിക്കാൻ പി ടി ഉഷ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. പി ടി ഉഷയും ഒരു സ്ത്രീയും അമ്മയുമാണ്. പെൺകുട്ടികൾ പരാതികൾ പറയുമ്പോൾ ആരോപണ വിധേയന്റെ സംരക്ഷകയായി മാറരുതെന്നും പി കെ ശ്രീമതി ഓ‍ര്‍മ്മിപ്പിച്ചു. 

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കായിക താരങ്ങള്‍ക്കെതിരെ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ നടത്തിയ പരാര്‍ശമാണ് വലിയ വിവാദമായത്.  തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി ടി ഉഷയുടെ പരാമർശം. 

ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക്; കൂടുതൽ പേർ സമരവേദിയിൽ, ബ്രിജ് ഭൂഷനെതിരെ നോട്ടീസ് പതിച്ചു

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങള്‍ക്ക് കായിക രംഗത്ത് നിന്നടക്കം പിന്തുണയേറുമ്പോഴാണ് ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയുടെ വിമര്‍ശനം. സമരം കടുത്ത അച്ചടക്ക ലംഘനമാണ്. രാജ്യത്തിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിരിക്കുന്നു. ഇത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും വാര്‍ത്ത ഏജന്‍സിയോട് നടത്തിയ പ്രതികരണം. കായിക താരങ്ങളുടെ സമരം കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഗുസ്തി ഫെഡറേഷനിലെ ഒളിമ്പിക് അസോസിയേഷന്‍റെ ഇടപെടല്‍. പുതിയ ഭരണ സമിതി നിലവില്‍ വരുന്നത് വരെ മൂന്നംഗ അഡഹോക് കമ്മിറ്റിക്ക് ചുമതല നല്‍കിയിരിക്കുകയാണ്. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷനെ മാറ്റിയിട്ടില്ല. 

 

 

Follow Us:
Download App:
  • android
  • ios