Asianet News MalayalamAsianet News Malayalam

Australian Open : സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്ത് ഡാനില്‍ മെദ്‌വദേവ്; ഫൈനലില്‍ റാഫേല്‍ നദാലിനെതിരെ

സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ (Stefano Tsitsipas) തോല്‍പ്പിച്ചാണ് മെദ്‌വദേവ് ഫൈനലില്‍ കടന്നത്. നേരത്തെ, നദാല്‍ ഇറ്റാലിയന്‍ താരം മാതിയോ ബരേറ്റിനിയെ (Matteo Barrettini) തോല്‍പ്പിച്ചിരുന്നു.

Daniil Medvedev outclasses Stefanos Tsitsipas to set up final clash against Rafael Nadal
Author
Melbourne VIC, First Published Jan 28, 2022, 5:30 PM IST

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (Australian Open) ഫൈനലില്‍ റാഫേല്‍ നദാല്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ (Daniil Medvedev) നേരിടും. ഇന്ന് നടന്ന രണ്ടാം സെമിയില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ (Stefano Tsitsipas) തോല്‍പ്പിച്ചാണ് മെദ്‌വദേവ് ഫൈനലില്‍ കടന്നത്. നേരത്തെ, നദാല്‍ ഇറ്റാലിയന്‍ താരം മാതിയോ ബരേറ്റിനിയെ (Matteo Barrettini) തോല്‍പ്പിച്ചിരുന്നു. നാളെ നടക്കുന്ന വനിതകളുടെ ഫൈനലില്‍ ആതിഥേയ താരം ആഷ്‌ലി ബാര്‍ട്ടി അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിടും. 

ഗ്രീക്ക് താരം സിറ്റ്‌സിപാസിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു മെദ്വദേവിന്റെ ജയം. സ്‌കോര്‍ 7-6 4-6 4-6 6-1. ആദ്യ സെറ്റില്‍ ആധ്യപത്യം നേടിയിട്ടും സിറ്റ്‌സിപാസിന് ജയിക്കാനായില്ല. ടൈബ്രേക്കില്‍ 1-4ന് മുന്നിലായിരുന്നു ലോക നാലാം നമ്പര്‍.  എന്നാല്‍ തിരിച്ചടിച്ചടിച്ച് മെദ്‌വദേവ് സെറ്റ് സ്വന്തമാക്കി. 

എന്നാല്‍ രണ്ടാം സെറ്റില്‍ സിറ്റ്‌സിപാസ് മത്സരത്തിലേക്ക് തിരിച്ചെത്തി. രണ്ട് തവണ മെദ്‌വദേവിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത താരം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റ് മെദ്‌വദേവ് ഇതേ സ്‌കോറിന് തിരിച്ചുപിടിച്ചു. നാലാം സെറ്റില്‍ ഒരവസരം പോലും മെദ്‌വദേവ് നല്‍കിയില്ല.

നേരത്തെ, 21ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന നദാല്‍ ഇറ്റാലിയന്‍ താരം മാതിയോ ബരേറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യ രണ്ട് സെറ്റുകളും ബരേറ്റിനിക്ക് ഒരവസരം പോലും നല്‍കാതെ നദാല്‍ സ്വന്തമാക്കി. 3-6 2-6 എന്ന സ്‌കോറുകള്‍ക്കായിരുന്നു ജയം. 

എന്നാല്‍ മൂന്നാം സെറ്റ് തിരിച്ചുപിടിച്ച് ബരേറ്റിനിന് മത്സരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണം കാണിച്ചു. 6-3നാണ് ബരേറ്റിനി സെറ്റ് സ്വന്തമാക്കായിയത്. എന്നാല്‍ മത്സരം അഞ്ചാം സെറ്റിലേക്ക് കൊണ്ടുപോകാന്‍ നദാല്‍ സമ്മതിച്ചില്ല. 3-6ന് നാലാം നേടി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങളെന്ന റെക്കോര്‍ഡ് നാദലിന് സ്വന്തമാവും. നിലവില്‍ റോജര്‍ ഫെഡറര്‍ക്കും നൊവാക് ജോക്കോവിച്ചിനും നദാലിനും 20 കിരീടങ്ങളാണുള്ളത്.

Follow Us:
Download App:
  • android
  • ios