വിംബിള്‍ഡണ്‍ ടെന്നിസില്‍ ആദ്യ റൗണ്ടില്‍ ഡാനില്‍ മെദ്‌വദേവ് പുറത്തായി.
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസിന് അട്ടിമറിയോടെ തുടക്കം. രണ്ടുതവണ സെമി ഫൈനലിസ്റ്റും ഒന്‍പതാം സീഡുമായ ഡാനില്‍ മെദ്‌വദേവ് ഒന്നാം റൗണ്ടില്‍ പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ഫ്രഞ്ച് താരമായ ബെഞ്ചമിന്‍ ബോന്‍സിയാണ് മെദ്‌വദേവിനെ അട്ടിമറിച്ചത്. സ്‌കോര്‍ 7-6, 3-6, 7-6, 6-2. തോല്‍വിയുടെ അരിശം മെദ്‌വദേവ് റാക്കറ്റിനോടാണ് തീര്‍ത്തത്. നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്‌നിനിയെ തോല്‍പിച്ചു. സ്‌കോര്‍ 7-5, 6ൃ-7, 7-5, 2-6, 6-1.
വനിതകളില്‍ ഒന്നാം സീഡ് അറീന സബെലന്‍കയ്ക്ക് ജയത്തുടക്കം. സബലെന്‍ക നേരിട്ടുള്ള സെറ്റുകള്‍ക്ക് കാര്‍സണ്‍ ബ്രാന്‍സ്‌റ്റൈനെ തോല്‍പിച്ചു. സ്‌കോര്‍ 6-1, 7-5. ഇതേസമയം രണ്ട് തവണ ഫൈനലിസ്റ്റായ ഓന്‍സ് ജാബ്യൂര്‍ ആദ്യ റൗണ്ടില്‍ പരിക്കേറ്റ് പിന്‍മാറി. ബള്‍ഗേറിയന്‍ താരത്തിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ജാബ്യൂര്‍ രണ്ടാം സെറ്റിനിടെയാണ് പിന്‍മാറിയത്. അതേസമയം, ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് ആദ്യ റൗണ്ട് മത്സരത്തിനിടെ പിന്മാറി.
ഫ്രാന്‍സിന്റെ വാലന്റിന്‍ റോയറുമായുള്ള മത്സരത്തില്‍ 6-3, 6-2 എന്ന സ്‌കോറിന് പിന്നില്‍ നില്‍ക്കെയാണ് സിറ്റ്‌സിപാസ് പരിക്കിനെ തുടര്‍ന്ന് പിന്മാറുന്നത്. പരിക്കുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് സിറ്റ്‌സിപാസ് പിന്നീട് പറഞ്ഞു. കരിയര്‍ അവസാനിപ്പിക്കുമെന്നുള്ള സൂചന കൂടി താരം നല്‍കി.

