Asianet News MalayalamAsianet News Malayalam

ഡേവിസ് കപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ മുന്നേറ്റം; ഇനി പോരാട്ടം ക്രൊയേഷ്യക്കെതിരെ

സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാനില്‍ കളിക്കാനാവില്ലെന്ന ഇന്ത്യന്‍ താരങ്ങള്‍ നിലപാടെടുത്തതിനെത്തുടര്‍ന്ന് മത്സരം നിഷ്പക്ഷ വേദിയായ കസാഖിസ്ഥാനിലെ നുര്‍ സുല്‍ത്താനിലേക്ക് മാറ്റിയിരുന്നു.

Davis Cup India secure win vs Pakistan
Author
Nur-Sultan, First Published Nov 30, 2019, 5:23 PM IST

നൂര്‍ സുല്‍ത്താന്‍(കസാഖിസ്ഥാന്‍): ഡേവിസ് കപ്പ് ലോകഗ്രൂപ്പ് യോഗ്യതാ പോരാട്ടത്തില്‍ പാക്കിസ്ഥാനെതകര്‍ത്ത് ഇന്ത്യ. ഇന്നലെ ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇന്ന് ഡബിള്‍സിലും  റിവേഴ്സ് സിംഗിള്‍സിലും ജയിച്ചതോടെ 4-0ന്റെ അപരാജിത ലീഡ‍് സ്വന്തമാക്കി.

ഇന്ന് നടന്ന ഡബിള്‍സ് പോരാട്ടത്തില്‍ ലിയാന്‍ഡര്‍ പേസ്-ജീവന്‍ നെഞ്ചേഴിയന്‍ സഖ്യം പാക്കിസ്ഥാന്റെ മൊഹമ്മദ് ഷൊഹൈബ്-ഹുഫൈസ അബ്ദുള്‍ റഹ്മാന്‍ ജോഡിയെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി. സ്കോര്‍ 6-1, 6-3. ഡേവിസ് കപ്പ് ഡബിള്‍സില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍സ് വിജയങ്ങള്‍ നേടിയ കളിക്കാരനായ പേസ് വിജയത്തിന്റെ കണക്കില്‍ ഒരെണ്ണം കൂടി കൂട്ടിച്ചേര്‍ത്തു. ഡബിള്‍സില്‍ പേസിന്റെ 44-ാം വിജയമാണിത്.

റിവേഴ്സ് സിംഗിള്‍സില്‍ സുമിത് നാഗല്‍ യൂസഫ് ഖലീലിനെ കീഴടക്കിയതോടെ ഇന്ത്യയുടെ ലീഡ് 4-0 ആയി.സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാനില്‍ കളിക്കാനാവില്ലെന്ന ഇന്ത്യന്‍ താരങ്ങള്‍ നിലപാടെടുത്തതിനെത്തുടര്‍ന്ന് മത്സരം നിഷ്പക്ഷ വേദിയായ കസാഖിസ്ഥാനിലെ നുര്‍ സുല്‍ത്താനിലേക്ക് മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്റെ മുന്‍നിര താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയതോടെ ഇന്ത്യയുടെ ജയം വെറും ചടങ്ങ് മാത്രമായി. പാക്കിസ്ഥാനെതിരെ ജയിച്ചതോടെ ലോക ഗ്രൂപ്പ് യോഗ്യതാ പോരാട്ടത്തില്‍ ക്രൊയേഷ്യയെ ആണ് ഇന്ത്യക്ക് ഇനി നേരിടേണ്ടത്. മാര്‍ച്ച് 6-7 തീയതികളിലാണ് ക്രൊയേഷ്യക്കെതിരായ ലോക ഗ്രൂപ്പ് യോഗ്യതാ പോരാട്ടം

Follow Us:
Download App:
  • android
  • ios