Asianet News MalayalamAsianet News Malayalam

യുവ ഗുസ്തി താരം കൊല്ലപ്പെട്ട സംഭവം; സുശീല്‍ കുമാറിനെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുക. സുശീലിനൊപ്പം സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അജയ് എന്നയാളെക്കുറിച്ച് വിവരം നല്‍കിയാല്‍ 50,000 രൂപയും പാരിതോഷികം നല്‍കും.

Delhi Police announces 1 lakh cash reward for information on Sushil Kumar
Author
New Delhi, First Published May 17, 2021, 10:19 PM IST

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഗുസ്തി താരം സുശീല്‍ കുമാറിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുക. സുശീലിനൊപ്പം സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അജയ് എന്നയാളെക്കുറിച്ച് വിവരം നല്‍കിയാല്‍ 50,000 രൂപയും പാരിതോഷികം നല്‍കും.

ഒളിംപിക്‌സ് മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായ 23കാരന്‍ സാഗര്‍കൊല്ലപ്പെട്ട കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗര്‍കൊല്ലപ്പെടുന്നത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്‌ളാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ എഫ്‌ഐആര്‍ ചുമത്തി ഒരാഴ്ച പിന്നിട്ടിട്ടും സുശീല്‍ കുമാറിനെ പിടിക്കാന്‍ ദില്ലി പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനായി ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച സുശീല്‍ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ദില്ലി പൊലീസ് പുറത്തിറക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios