ലോക ചാമ്പ്യന്‍റെ തലപ്പൊക്കവുമായി സീസണിലെ നാലാം സ്വർണം ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര ഇന്നിറങ്ങുന്നത്

സൂറിച്ച്: ജാവലിൻ ത്രോയിലെ സുവർണക്കുതിപ്പ് തുടരാൻ ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര ഇന്നിങ്ങുന്നു. സൂറിച്ച് ഡയമണ്ട് ലീഗിലാണ് നീരജ് മത്സരിക്കുന്നത്. മലയാളി ലോംഗ്‌ജംപർ എം ശ്രീശങ്കറിനും മത്സരമുണ്ട്.

ലോക ചാമ്പ്യന്‍റെ തലപ്പൊക്കവുമായി സീസണിലെ നാലാം സ്വർണം ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര ഇന്നിറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 12.10നാണ് സൂറിച്ച് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോ മത്സരം തുടങ്ങുക. ഞായറാഴ്ച 88.17 മീറ്റർ ദൂരത്തോടെ നീരജ് ലോക ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യൻ അത്‍ലറ്റായിരുന്നു. ഇതോടെ ഒളിംപിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണം നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും നീരജിന് സ്വന്തമായി. ലോക ചാമ്പ്യൻഷിപ്പിന് പുറമെ ഈ സീസണിൽ മത്സരിച്ച ദോഹ, ലൊസെയ്ൻ ഡയമണ്ട് ലീഗുകളിലും നീരജ് സ്വർണം നേടിയിരുന്നു. സൂറിച്ചിൽ നിലവിലെ ചാമ്പ്യനായ നീരജ് സ്വർണം നിലനിർത്തുന്നതിനൊപ്പം 90 മീറ്റർ കടമ്പ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക. 89.94 മീറ്ററാണ് നീരജിന്‍റെ മികച്ച പ്രകടനം. 

ബുഡാപെസ്റ്റിൽ നീരജിന്‍റെ പ്രധാന എതിരാളിയായിരുന്ന പാകിസ്ഥാൻ താരം അർഷാദ് നദീം സൂറിച്ചിൽ മത്സരിക്കുന്നില്ല. ഡയമണ്ട് ലീഗ് ഫൈനലിനുള്ള പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണിപ്പോൾ നീരജ്. ഏറ്റവും മികച്ച ആറ് താരങ്ങളാണ് യൂജിനിൽ അടുത്ത മാസം നടക്കുന്ന ജാവലിൻ ഫൈനലിൽ മത്സരിക്കുക.

തിരിച്ചുവരവിന് എം ശ്രീശങ്കര്‍

ലോക ചാമ്പ്യൻഷിപ്പ് ലോംഗ്‌ജംപ് ഫൈനലിലേക്ക് യോഗ്യത നേടാതിരുന്നതിന്‍റെ നിരാശ മറികടക്കുകയാണ് മലയാളി താരം എം ശ്രീശങ്കറിന്‍റെ ലക്ഷ്യം. സീസണിലെ മൂന്നാം ഡയമണ്ട് ലീഗിനിറങ്ങുന്ന ശ്രീശങ്കർ പാരിസിൽ മൂന്നും ലൊസെയ്നിൽ അഞ്ചും സ്ഥാനത്തായിരുന്നു. 8.41 മീറ്ററാണ് ശ്രീശങ്കറിന്‍റെ മികച്ച പ്രകടനം. ഇന്ത്യന്‍ സമയം രാത്രി 11:54ന് ശ്രീശങ്കറിന്‍റെ മത്സരം തുടങ്ങും. ബുഡാപെസ്റ്റില്‍ 2023 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 8 മീറ്റർ കടക്കാനാവാതെ പോയ എം ശ്രീശങ്കര്‍ യോഗ്യതാ റൗണ്ടില്‍ 22-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. 7.74m, 7.66m, 6.60m എന്നിങ്ങനെയായിരുന്നു ശ്രീശങ്കർ പിന്നിട്ട ദൂരം. ബാങ്കോക്കില്‍ നടന്ന ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നേടിയ വെള്ളിയടക്കമുള്ള(8.37 മീറ്റർ) പ്രകടനങ്ങളുടെ കരുത്തിലാണ് എം ശ്രീശങ്കർ ലോക അത്‍ലറ്റിക്സ് മീറ്റിനെത്തിയത്.

Read more: ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: 8 മീറ്റർ കടന്നില്ല! എം ശ്രീശങ്കർ ഫൈനല്‍ കാണാതെ പുറത്ത്, ജെസ്‍വിന് യോഗ്യത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം