Asianet News MalayalamAsianet News Malayalam

ചികിത്സ തുടരാനായില്ല; 2400 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ച് ഡിങ്കോ സിംഗ് വീട്ടിലേക്ക്

 48 മണിക്കൂര്‍ കൊണ്ട് തിരികെ ഇംഫാലിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 25ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ തിരികെ വീട്ടിലേക്ക് പോകാനായിരുന്നു ഡിങ്കോ സിംഗ് പദ്ധതിയിട്ടിരുന്നത്.

Dingko Singh back to home by road
Author
Delhi, First Published May 20, 2020, 10:38 PM IST

ഇംഫാല്‍: ക്യാന്‍സര്‍ ചികിത്സക്കായി എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെത്തിച്ച ബോക്സിംഗ് താരം ഡിങ്കോ സിംഗിന് മഞ്ഞപ്പിത്തം പിടിപ്പെട്ടതിനാല്‍ ചികിത്സ തുടരാനാവാതെ നാട്ടിലേക്ക് തിരിച്ചു. ആംബുലന്‍സില്‍ 2400 കിലോ മീറ്റര്‍ ദൂരം റോഡ് മാര്‍ഗം സഞ്ചരിച്ചാണ് ഡിങ്കോ സിംഗ് നാട്ടിലേക്ക് തിരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ കീമോ തെറാപ്പി തുടരാനാകില്ലെന്ന് ഡിങ്കോയെ ചികിത്സിക്കുന്ന ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസിലെ(ഐഎല്‍ബിഎസ്) ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഡിങ്കോ സിംഗ് തിരികെ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതനായത്.

രാവിലെ നാട്ടിലേക്ക് തിരിച്ച ഡിങ്കോയുടെ കൂടെ ഭാര്യ ബാബായ് ദേവിയുമുണ്ട്. 48 മണിക്കൂര്‍ കൊണ്ട് തിരികെ ഇംഫാലിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 25ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ തിരികെ വീട്ടിലേക്ക് പോകാനായിരുന്നു ഡിങ്കോ സിംഗ് പദ്ധതിയിട്ടിരുന്നത്.

Dingko Singh back to home by road
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയിലെ ക്യാന്‍സര്‍ ചികിത്സ തുടരാനാവാതെ മണിപ്പൂരിലെ വീട്ടില്‍ കുടുങ്ങിയ ഡിങ്കോ സിംഗിനെ എയര്‍ ആംബുലന്‍സില്‍ കഴിഞ്ഞ മാസം 26നാണ് ഡല്‍ഹിയില്‍ എത്തിച്ചത്. പത്മ അവാര്‍ഡ് ജേതാവായ ഡിങ്കോ സിംഗിന് സൗജന്യമായാണ് സ്പൈസ് ജെറ്റ് എയര്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കിയത്.

Also Read:'അന്നേ കോലിയോട് പറഞ്ഞു, ആ ബൗളറെ സ്വന്തമാക്കാന്‍, പക്ഷെ...' വെളിപ്പെടുത്തലുമായി പാര്‍ത്ഥിവ് പട്ടേല്‍

കരളിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന 41കാരനായ ഡിങ്കോ സിംഗിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് റേഡിയേഷനായി ഡല്‍ഹിയില്‍ എത്താനായിരുന്നില്ല. രണ്ടാഴ്ച കൂടുമ്പോള്‍ നടത്തേണ്ട റേഡിയേഷന്‍ ചികിത്സയുടെ ഒരു ഷെഡ്യൂള്‍ ഇതോടെ മുടങ്ങിയിരുന്നു. ഡിങ്കോ സിംഗിന്റെ അവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കായിക മന്ത്രി കിരണ്‍ റിജിജു മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മണിപ്പൂരില്‍ റേഡിയേഷന്‍ ചികിത്സക്കുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു..

Dingko Singh back to home by road
1997 ല്‍ അന്താരാഷ്ട്ര ബോക്‌സിംഗില്‍ അരങ്ങേറ്റം കുറിച്ച ഡിങ്കോ സിംഗ് 1998 ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയയാണ് താരമായത്. ഏഷ്യാഡ് ബോക്‌സിംഗില്‍ 16 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ആദ്യ സ്വര്‍ണമായിരുന്നു അത്. ആ വര്‍ഷം തന്നെ അര്‍ജുന പുരസ്‌കാരം നല്‍കി രാജ്യം ഡിങ്കോയെ ആദരിച്ചു. 2013 ല്‍ പത്മശ്രീ പുരസ്‌കാരവും ഡിങ്കോയെ തേടിയെത്തി. ഇന്ത്യന്‍ ബോക്‌സിംഗിലെ ഗോള്‍ഡന്‍ ബോയ് ആയിരുന്നു ഡിങ്കോ.

വനിത ബോക്‌സിംഗ് ഇതിഹാസം മേരി കോം അടക്കം രാജ്യത്തെ നിരവധി ബോക്സര്‍മാര്‍ക്ക് പ്രചോദനമേകിയ ഡിങ്കോ ഇല്ലായ്മയില്‍ നിന്ന് ഉയര്‍ന്നു വന്ന താരമായിരുന്നു. നാലു വര്‍ഷം മുമ്പാണ് ഡിങ്കോക്ക് കരളില്‍ കാന്‍സര്‍ പിടിപെടുന്നത്. അന്ന് വിജയകരമായി ചികിത്സിച്ചെങ്കിലും ഇപ്പോള്‍ വീണ്ടും അസുഖം തലപൊക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios