റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം റാഫേല്‍ നദാലിന്. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചിനെ തോല്‍പിച്ചാണ് നദാല്‍ സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍ 6-0, 4-6, 6-1. ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കാനിരിക്കെ റോമിലെ കിരീടനേട്ടം നദാലിന് ആത്മവിശ്വാസം നല്‍കും. 

ആദ്യ സെറ്റ് ഒരു ഗെയിം പോലും വിട്ടുനല്‍കാതെയാണ് സ്പാനിഷ് താരം സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ജോകോവിച്ച് 6-4ന് തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ കരുത്ത് വീണ്ടെടുത്ത നദാല്‍, ജോകോവിച്ചിന് വിട്ടുകൊടുത്തത് ഒറ്റപോയിന്റ്.  രണ്ടുമണിക്കൂറും 25 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ നദാലിന് ഒന്‍പതാം കിരീടം. ജോകോവിച്ചുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുന്നിലെത്തിയ നദാലിന്റെ മുപ്പത്തിനാലാം മാസ്റ്റേഴ്‌സ് കിരീടം കൂടിയാണിത്.

വനിതാ വിഭാഗത്തില്‍ കരോളിന പ്ലിസ്‌കോവയ്ക്ക് കിരീടം. യോഹന്ന കോന്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് പ്ലിസ്‌കോവ കളിമണ്‍ കോര്‍ട്ടില്‍ തന്റെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഒരു മണിക്കൂറും 25 മിനിറ്റും നീണ്ട മത്സരത്തില്‍ 6-3, 6-4 എന്ന സ്‌കോറിനായിരുന്നു പ്ലിസ്‌കോവയുടെ ജയം.