ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ അട്ടിമറികളുടെ ദിനം. പുരുഷ വിഭാഗത്തില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്, കരേന്‍ ഖച്ചനോവ്, ഡൊമിനിക് തീം എന്നിവരാണ് പുറത്തായ താരങ്ങള്‍. അതേസമയം നിക് കിര്‍ഗ്യോസ്, റാഫേല് നദാല്‍, ഡെന്നിസ് ഷപോവലോവ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു. വനിത വിഭാഗത്തില്‍ സിമോണ ഹാലെപ്, കരോളിന്‍ വോസ്‌നിയാക്കി എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി.

റഷ്യന്‍ താരം ആന്ദ്രേ റുബലേവാണ് എട്ടാം സീഡ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 7-6, 6-7, 5-7. റഷ്യയുടെ തന്നെ ഖച്ചനോവ് ആവട്ടെ കനേഡിയന്‍ താരം വാസെക് പോസ്പിസിലിനോട് അഞ്ച് സെറ്റ് നീണ്ട് പോരാട്ടത്തില്‍ പരാജയപ്പെട്ടു. സ്‌കോര്‍ 4-6, 7-5, 7-5, 4-6, 6-3 എന്ന സ്‌കോറിനായിരുന്നു ഖച്ചനോവിന്റെ തോല്‍വി. ഇറ്റാലിയന്‍ താരം തോമസ് ഫാബിയാനോയാണ് നാലാം സീഡ് ഡൊമിനിക് തീമിനെ അട്ടിമറിച്ചത്. 

നാല് സെറ്റ് നീണ്ട പൊരാട്ടത്തിനൊടുവില്‍ 6-4, 3-6, 6-3, 6-2 എന്ന സ്‌കോറിനായിരുന്നു ഫാബിയാനോയുടെ തോല്‍വി. സ്പാനിഷ് താരം നദാല്‍ ജോണ്‍ മില്‍മാനേയും കിര്‍ഗ്യോസ് അമേരിക്കന്‍ താരം സ്റ്റീവ് ജോണ്‍സണേയും മറികടന്നു.

വനിതാ വിഭാഗത്തില്‍ ചൈനീസ് താരം വാങ്ങിനെതിരെയായിരുന്നു വോസ്‌നിയാക്കിയുടെ ജയം. സ്‌കോര്‍ 1-6, 7-5, 6-3. നാലാം സീഡ് ഹാലെപ്, അമേരിക്കയുടെ നിക്കോളെ ഗിബ്‌സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 3-6, 6-2.