മെല്‍ബണ്‍: റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമി കാണാതെ പുറത്ത്. ഡൊമിനിക് തീമിനോട് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോറ്റാണ് ലോക ഒന്നാം നമ്പര്‍ താരം പുറത്തായത്. സ്‌കോര്‍ 6-7, 6-7, 6-4, 6-7. സെമിയില്‍ അലക്‌സാണ്ടല്‍ സ്വരേവാണ് തീമിന്റെ എതിരാളി. സ്റ്റാനിസ്ലാസ് വാവ് റിങ്കയെ 6-1, 3-6, 4-6, 2-6ന് തോല്‍പ്പിച്ചാണ് ജര്‍മാന്‍ താരം സെമിയില്‍ കടന്നത്. മറ്റൊരു സെമിയില്‍ റോജര്‍ ഫെഡറര്‍ നിലവിലെ ചാംപ്യന്‍ നോവാക് ജോക്കോവിച്ചിനെ നേരിടും. 

കഴിഞ്ഞ യുഎസ് ഓപ്പണ്‍ സെമിയില്‍ നദാലിനോടേറ്റ തോല്‍വിക്കുള്ള പ്രതികാരം കൂടിയായിരുന്നു തീമിന്റേത്. ടൈബ്രേക്കിലാണ് ആദ്യ രണ്ട് സെറ്റും തീം സ്വന്തമാക്കിയത്. എന്നാല്‍ മൂന്നാം സെറ്റ് നദാലെടുത്തു. അഞ്ചാം സെറ്റ് അനായാസം തീം നേടുമെന്ന് തോന്നിച്ചെങ്കിലും നദാല്‍ സെര്‍വ് ബ്രേക്ക് ചെയ്ത് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരം ടൈബ്രേക്കിലേക്ക് നീണ്ടെങ്കിലും മൂന്നാം തവണയും നദാല്‍ ഓസ്ട്രിയന്‍ താരത്തിന് മുന്നില്‍ കീഴടങ്ങി.

സ്വിസ് താരം വാവ്‌റിങ്കയ്‌ക്കെതിരെ സ്വരേവിന് ആദ്യ സെറ്റില്‍ മാത്രമാണ് വെല്ലുവിളി നേരിടേണ്ടി വന്നത്. അവസാന മൂന്ന് സെറ്റുകളും 
ഏകപക്ഷീയമായി സ്വരേവ് സ്വന്തമാക്കി. വനിത വിഭാഗം സെമിയില്‍ അഷ്‌ലി ബാര്‍ട്ടി അമേരിക്കന്‍ താരം സോഫിയ കെനിനെ നേരിടും. മറ്റൊരു സെമിയില്‍ സിമോണ ഹാലെപ്പിന്റെ എതിരാളി സ്പാനിഷ് താരം ഗര്‍ബൈന്‍ മുഗുരുസയാണ്.