വിയന്ന: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഡൊമിക് തീം പരാജയപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ വിഷമമുണ്ടായിരിക്കുക റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍  ആരാധകര്‍ക്കായിരിക്കും. തീമിനെ തോല്‍പ്പിച്ച് നോവാക് ജോക്കോവിച്ച് കിരീടം നേടിയതോടെ ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടം 17 ആയി. ഫെഡറര്‍ക്ക് 20 നദാലിന് 19 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണുള്ളത്. ഇരുവരെയും ജോക്കോ മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഫെഡറര്‍- നദാല്‍ ആരാധകര്‍ ജോക്കോ പരാജയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. 

ഇക്കാര്യം തീം തുറന്നുപറയുകയുമുണ്ടായി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിന് ശേഷം നാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം. ഫെഡറര്‍ക്കും നദാലിനും എന്നോട് ദേഷ്യം തോന്നിയേക്കമെന്നാണ് ഓസ്ട്രിയന്‍ താരം പറഞ്ഞത്. ഇരുവരുടെയും ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടത്തിന് അരികിലാണ് ജോക്കോവിച്ച്. ജോക്കോവിച്ചിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ കുറച്ചുകാലത്തേക്കെങ്കിലും ഇരുവര്‍ക്കും പിടിച്ചുനില്‍ക്കാമായിരുന്നു. ഇക്കാര്യം ഓര്‍ത്തുതന്നെയാണ് തീം രസകരമായ മറുപടി നല്‍കിയത്.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് തീം തോല്‍വി സമ്മതിച്ചത്. ജോക്കോവിച്ചിന്റെ എട്ടാം ഓസ്‌ട്രേലിയന്‍ ഓ്പ്പണ്‍ കിരീടമായിരുന്നിത്.