പാരിസ് ഒളിംപിക്‌സിലെ വനിതകളുടെ ഫെന്‍സിംഗില്‍ ഈജിപ്‌‌തിന്‍റെ നാദ ഹാഫെസ് മത്സരിക്കുമ്പോള്‍ ഉദരത്തില്‍ രണ്ട് കുഞ്ഞിക്കാലുകളുമുണ്ടായിരുന്നു

പാരിസ്: ഒളിംപിക്‌സുകള്‍ ഒട്ടനവധി അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയാകാറുണ്ട്. റെക്കോര്‍ഡുകള്‍ പിഴുതെറിയുന്ന, മെഡലുകള്‍ വാരിക്കൂട്ടുന്ന പ്രകടനങ്ങള്‍ മാത്രമല്ല അത്. ഏഴ് മാസം ഗര്‍ഭിണിയായിരിക്കേ ഈജിപ്ഷ്യന്‍ താരം നാദ ഹാഫെസ് ഫെന്‍സിംഗ് പോലെ അപകടകാരിയായ ഒരു മത്സരത്തില്‍ പോരാട്ടത്തിനിറങ്ങി എന്നതാണ് പാരിസ് ഒളിംപിക്‌സിലെ ഏറ്റവും വലിയ വിശേഷങ്ങളിലൊന്ന്. 

പാരിസ് ഒളിംപിക്‌സിലെ വനിതകളുടെ ഫെന്‍സിംഗില്‍ ഈജിപ്‌‌തിന്‍റെ നാദ ഹാഫെസ് മത്സരിക്കുമ്പോള്‍ ഉദരത്തില്‍ രണ്ട് കുഞ്ഞിക്കാലുകളുമുണ്ടായിരുന്നു. ഏഴ് മാസം ഗര്‍ഭിണിയായിരിക്കേയാണ് ഫെന്‍സിംഗ് പോലെ അപകടകാരിയായ ഒരു മത്സരയിനത്തില്‍ പോരാടാന്‍ ഇരുപത്തിയാറ് വയസുകാരിയായ നാദ ഇറങ്ങിയത്. ഞാന്‍ ഗര്‍ഭിണിയാണ് എന്ന വിശേഷം പാരിസിലെ പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ യോന്‍ ഹായങിനെതിരെ അങ്കത്തിന് ശേഷമാണ് നാദ ഹാഫെസ് ഇന്‍സ്റ്റഗ്രാമിലൂടെ കായിക ലോകത്തെ അറിയിച്ചത്. 

'രണ്ട് താരങ്ങളെയാണ് നിങ്ങള്‍ കളത്തില്‍ കണ്ടത്. എന്നാലവര്‍ മൂന്ന് പേരുണ്ടായിരുന്നു. അത് ഞാനും, എന്‍റെ എതിരാളിയായ താരവും, ലോകത്തേക്ക് കടന്നുവരാനിരിക്കുന്ന എന്‍റെ കുഞ്ഞുമായിരുന്നു. ഞാനും എന്‍റെ കുഞ്ഞും ശാരീരികവും മാനസികവുമായി പോരാടി. ഗര്‍ഭകാലം വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍ ജീവിതത്തിന്‍റെയും സ്പോര്‍ട്‌സിന്‍റേയും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുക ആയാസമെങ്കിലും മഹനീയമാണ്. ഈ ഒളിംപിക്‌സ് വളരെ പ്രത്യേകതകളുള്ളതാണ്. ഒരു ലിറ്റില്‍ ഒളിംപ്യനും കൂടെയുണ്ട്'- എന്നുമുള്ള വൈകാരിക കുറിപ്പോടെയാണ് അതിശയിപ്പിക്കുന്ന വിവരം നാദ ഹാഫെസ് സാമൂഹ്യമാധ്യമങ്ങളിലൂടെ കായികപ്രേമികളെ അറിയിച്ചത്. 

View post on Instagram

നേരത്തെ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ എലിസബത്ത് താര്‍തകോവ്‌സ്‌കിക്കെതിരെ നാദ ഹാഫെസ് 15-13ന് വിജയിച്ചിരുന്നു. പ്രീക്വാര്‍ട്ടറിലാവട്ടെ ദക്ഷിണ കൊറിയയുടെ യോന്‍ ഹായങിനോട് പൊരുതിത്തോറ്റ് ഗെയിംസില്‍ നിന്ന് പുറത്തായി. നാദ ഹാഫെസിന്‍റെ മൂന്നാം ഒളിംപിക്‌സാണിത്. മുമ്പ് 2016ലെ റിയോ ഒളിംപിക്‌സിലും 2020ലെ ടോക്കിയോ ഒളിംപിക്‌സിലും അവര്‍ മത്സരിച്ചിരുന്നു. 2014ലാണ് ഈജിപ്തിന്‍റെ സീനിയര്‍ വനിതാ ഫെന്‍സിംഗ് ടീമിലെത്തിയത്. രണ്ട് പേർ തമ്മിൽ നടത്തുന്ന നമ്മുടെ വാൾപ്പയറ്റിനോട് സാമ്യതയുള്ള കായികമത്സരമായ ഫെൻസിംഗ് ആവേശവും അതേസമയം വലിയ അപകട സാധ്യതയുള്ളതുമാണ്.

Read more: ഒളിംപിക്‌ ദീപം, വിവിധ മത്സരങ്ങള്‍; പാരിസ് ഒളിംപിക്‌സ് ആവേശം അങ്ങ് ബഹിരാകാശ നിലയത്തിലും! വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം