സീറോ ഗ്രാവിറ്റിയില്‍ ഒളിംപിക് ദീപശിഖയുമായി ഇന്ത്യന്‍ വംശജയായ സുനിത വില്യംസും കൂട്ടരും
പാരിസ്: പാരിസ് ഒളിംപിക്‌സിന്‍റെ ആവേശത്തിലാണ് ലോകം. ലോകത്തെ ഒന്നിപ്പിക്കുന്ന കായിക മാമാങ്കമാണ് ഒളിംപിക്‌സ്. ഒളിംപിക്‌സിന്‍റെ ആവേശം ആകാശത്തിന്‍റെ അതിര്‍വരമ്പുകള്‍ കടന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലും എത്തിയിരിക്കുകയാണ്. നാസ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ വീഡിയോയില്‍ കാണാം.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സീറോ ഗ്രാവിറ്റിയില്‍ ഒളിംപിക് ദീപശിഖയുമായി ഇന്ത്യന്‍ വംശജയായ സുനിത വില്യംസും കൂട്ടരും, താരങ്ങളുടെ വാംഅപ്പുകള്‍, ഷോട്ട്‌പുട്ട് എറിയുന്ന ഒരു ബഹിരാകാശ ശാസ്ത്രജ്ഞന്‍, ഡിസ്‌കസ്‌ത്രോയ്‌ക്കായി തയ്യാറെടുക്കുന്ന മറ്റൊരു ബഹിരാകാശ സഞ്ചാരി, ഭാരോദ്വഹനത്തില്‍ പങ്കെടുക്കുന്നവര്‍... എന്നിങ്ങനെ ഒളിംപിക്‌സ് മാതൃകയില്‍ ലിംഗവ്യത്യാസമില്ലാതെ നീളുന്നു രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ ഒളിംപിക്സ് മത്സരങ്ങളും വിശേഷങ്ങളും. നാസയാണ് രണ്ട് മിനുറ്റിലേറെ ദൈര്‍ഘ്യമുള്ള ഈ ആകര്‍ഷകമായ വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ ഈ ഒളിംപിക് ആവേശം ഒളിംപിക്‌സ് സംഘാടകരെയും രോമാഞ്ചം കൊള്ളിച്ചു. ഒളിംപിക്‌സ് ഗെയിംസിന്‍റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ നാസയുടെ വീഡിയോ റീ-ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ശാസ്ത്രകുതകികളെയും കായികപ്രേമികളെ ഒരുപോലെ ആകര്‍ഷിക്കുകയാണ് നാസ പുറത്തിറക്കിയ ഒളിംപിക്‌സ് വീഡിയോ.
പാരിസ് ഒളിംപിക്‌സില്‍ ഏഴ് സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവും സഹിതം ആകെ 15 മെഡലുകളുമായി ചൈനയാണ് മുന്നില്‍. ഏഴ് തന്നെ സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 13 മെഡലുകളുള്ള ജപ്പാനാണ് രണ്ടാമത്. ആറ് സ്വര്‍ണ മെഡലുകള്‍ വീതമായി ഫ്രാന്‍സും ഓസ്ട്രേലിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ച് സ്വര്‍ണമുള്ള ദക്ഷിണ കൊറിയയാണ് അഞ്ചാമത്. ഇന്ത്യ രണ്ട് വെങ്കലമാണ് ഗെയിംസില്‍ ഇതുവരെ നേടിയത്.
