Asianet News MalayalamAsianet News Malayalam

പി.ആര്‍. ശ്രീജേഷിന് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്

ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടും കേരളം ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തത് വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് എറണാകുളം ജില്ലാ പഞ്ചായത്ത് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

Ernakulam Dist Panchauyath announces 5 Laksh cash reward for PR Sreejesh
Author
Kochi, First Published Aug 10, 2021, 5:02 PM IST

കൊച്ചി: ടോക്യോ ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്.  ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് ജില്ലാ പ്രസിഡന്റ് ഉല്ലാസ് തോമസിന്‍റെ പ്രഖ്യാപനം.

ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടും കേരളം ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തത് വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് എറണാകുളം ജില്ലാ പഞ്ചായത്ത് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഒളിംപിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശ്രീജേഷിനെ കേരളം അവഗണിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ശ്രീജേഷ് ഇന്ന് വൈകിട്ട് കൊച്ചിയിലെത്തും.  

നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പറാണ് പി.ആര്‍. ശ്രീജേഷ്. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്‍റെ മിന്നും പ്രകടനമായിരുന്നു.

ഒളിംപിക് മെഡല്‍ നേട്ടത്തില്‍ ഇന്ത്യയുടെ കോട്ട കാത്ത ശ്രീജേഷിന് രാജ്യമെമ്പാടു നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. ഇതിനു പിന്നാലെയാണ് മലയാളികള്‍ക്ക് അഭിമാനമായ പി.ആര്‍. ശ്രീജേഷിന് എറണാകുളം ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലത്തെ കഠിനപ്രയത്‌നത്തിലൂടെയാണ് ശ്രീജേഷ് ഹോക്കിയില്‍ തന്റേതായ ഇടം നേടിയത്. 2000ല്‍ ജൂനിയര്‍ നാഷണല്‍ ഹോക്കി ടീമിലെത്തിയ ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്കുള്ള തന്റെ വഴി കണ്ടെത്തി.

പത്മശ്രീ പുരസ്‌കാര ജേതാവായ ശ്രീജേഷ് 2016ല്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി റിയോ ഒളിംപിക്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചു. കളിക്കളത്തിലെ പെട്ടെന്നുള്ള ഇടപെടലുകളും സ്ഥിരതയാര്‍ന്ന പ്രകടനവും ടീമിന്റെ കോട്ടകാക്കുന്ന വിശ്വസ്തനാക്കി ശ്രീജേഷിനെ മാറ്റി. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയം നിശ്ചയിച്ച നിര്‍ണായ സേവുകളാണ് ശ്രീജേഷ് നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios