മത്സരത്തില്‍ നിരവധി നിര്‍ണായക സേവുകള്‍ നടത്തിയ ശ്രീജേഷ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രിട്ടന്‍റെ കോണര്‍ വില്യംസിനെ പ്രതിരോധിച്ചപ്പോള്‍ ഷോട്ട് പുറത്ത് പോയി.
പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ ബ്രിട്ടനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തിയതിന് പിന്നാലെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ വാഴ്ത്തി ആരാധകര്‍. തുടക്കത്തിലെ അമിത് രോഹിദാസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇന്ത്യയ്ക്കെതിരെ തുടര്‍ച്ചയായി ബ്രിട്ടൻ ആക്രമിച്ചപ്പോള്‍ ശ്രീജേഷിന്‍റെ ചോരാത്ത കൈകളാണ് ഇന്ത്യയെ കാത്തത്.
മത്സരത്തില്‍ നിരവധി നിര്‍ണായക സേവുകള്‍ നടത്തിയ ശ്രീജേഷ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രിട്ടന്‍റെ കോണര്‍ വില്യംസിനെ പ്രതിരോധിച്ചപ്പോള്‍ ഷോട്ട് പുറത്ത് പോയി. പിന്നാലെ ഫില്‍ റോപ്പറുടെ ഷോട്ട് ശ്രീജേഷ് അവിശ്വസനീയമായി രക്ഷപ്പെടുത്തിതോടെയാണ് തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.
10 പേരുമായി പൊരുതി ബ്രിട്ടനെ വീഴ്ത്തി ഇന്ത്യ ഹോക്കി സെമിയില്‍, വീരനായകനായി ശ്രീജേഷ്
മത്സരശേഷം ശ്രീജേഷ് പറഞ്ഞത്, ഈ മത്സരത്തിനിറങ്ങുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ഇതില്‍ ജയിച്ചില്ലെങ്കില്‍ ഇന്ത്യൻ കുപ്പായത്തില്‍ എന്‍റെ അവസാന മത്സരമാകുമിതെന്നായിരുന്നു. ജയിച്ചാല്‍ എനിക്ക് രണ്ട് മത്സരം കൂടി ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനാകുമല്ലോ. ഒളിംപിക്സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് ഒരിക്കല്‍ കൂടി ഇന്ത്യൻ വിജയത്തില്‍ തലയെടുപ്പോടെ നിന്നു.
ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായ ശ്രീജേഷ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും മേജര്‍ ധ്യാന്‍ചന്ദിനുമൊപ്പം ആദരവ് അര്‍ഹിക്കുന്ന കളിക്കാരനാണെന്ന് ആരാധകര്‍ കുറിച്ചു.ഇന്ത്യൻ ഹോക്കിയിലെ ഗോട്ട് ആണ് ശ്രീജേഷ് എന്നും ആരാധകര്‍ പറയുന്നു. ആരാധകരുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ നോക്കാം.
