ബെയ്ജിങ്: ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നിസില്‍ വമ്പന്‍ അട്ടിമറികള്‍. ടൂര്‍ണമെന്റിലെ ഒന്നാം സീഡ് നോവാക് ജോക്കോവിച്ചും രണ്ടാം സീഡ് റോജര്‍ ഫെഡററും സെമി കാണാതെ പുറത്തായി. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവാണ് ഫെഡററെ അട്ടിമറിച്ചത്. ജോക്കോവിച്ചാവാട്ടെ ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിന് മുന്നില്‍ കീഴടങ്ങി. റഷ്യന്‍ താരം ഡാനില്‍ മെദ്‌വെദേവും സെമിയില്‍ കടന്നിട്ടുണ്ട്.

6-3, 6-7, 6-3 എന്ന സ്‌കോറിനായിരുന്നു സ്വരേവിന്റെ ജയം. രണ്ടാം സെറ്റില്‍ തന്നെ മത്സരം അവസാനിക്കേണ്ടതായിരുന്നു എന്നാല്‍ ഫെഡററുടെ പരിചയസമ്പത്ത് തുണയായി. മത്സരം മൂന്നാം സെറ്റിലേക്ക് നീണ്ടെങ്കിലും സ്വരേവ് വിട്ടുകൊടുത്തില്ല. രണ്ടാം സീഡായ ഫെഡറര്‍ക്ക് സെമി കാണാതെ പുറത്താവേണ്ടി വന്നു. 

സിറ്റ്‌സിപാസിനെതിരെ ആദ്യ സെറ്റ് നേടിയ ശേഷം ജോക്കോ തോല്‍വി സമ്മതിക്കുകയായിരുന്നു. 6-3, 5-7, 3-6 എന്ന സ്‌കോറിനായിരുന്നു ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാംപ്യന്റെ തോല്‍വി. മൂന്നാം സീഡ് മെദ്‌വദേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫാബിയോ ഫോഗ്നിനിയെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 7-6.