വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്നലെ പോളിഷ് താരം ഇഗാ ഷ്വാംഗ്ടെക്കിനോടാണ് കോക്കോ ഗൗഫ് തോറ്റത്
പാരീസ്: ഫ്രഞ്ച് ഓപ്പൺ(French Open 2022) വനിതാ ഫൈനലില്‍ കോക്കോ ഗൗഫിന്(Coco Gauff) ഇരട്ടത്തോൽവി. വനിതാ സിംഗിള്‍സിന് പിന്നാലെ ഡബിള്‍സിലും അമേരിക്കന്‍ കൗമാര താരം തോറ്റു. എട്ടാം സീഡായ കോക്കോ ഗൗഫ്-ജെസ്സിക്കാ പെഗുല(Coco Gauff and Jessica Pegula) സഖ്യത്തെ ഫ്രഞ്ച് സഖ്യമായ കരോലിന ഗാര്‍സിയയും ക്രിസ്റ്റീന മ്ലാദെനോവിച്ചുമാണ്(Caroline Garcia and Kristina Mladenovic) തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റിനാണ് ജയം. സ്കോര്‍ 2-6, 6-3, 6-2. ആദ്യ സെറ്റ് നേടിയ ശേഷം അമേരിക്കന്‍ സഖ്യം നിറംമങ്ങി. 2016ലും ഫ്രഞ്ച് സഖ്യം കിരീടം നേടിയിരുന്നു.
വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്നലെ പോളിഷ് താരം ഇഗാ ഷ്വാംഗ്ടെക്കിനോടാണ് കോക്കോ ഗൗഫ് തോറ്റത്. ഫ്രഞ്ച് ഓപ്പണിലെ രണ്ടാം സിംഗിള്‍സ് കിരീടമാണ് കഴിഞ്ഞ ദിവസം ഇഗാ നേടിയത്. നേരിടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍ 6-1, 6-3. പതിനെട്ടുകാരിയായ ഗൗഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗായുടെ കിരീട നേട്ടം. 2020ല്‍ അമേരിക്കയുടെ തന്നെ സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു താരത്തിന്റെ ആദ്യ ഫ്രഞ്ച് കിരീട നേട്ടം. 6-4, 6-1നായിരുന്നു അന്ന് ജയം.
സിംഗിള്‍സില്‍ ഇഗായുടെ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാം വിജയം കൂടിയായിരുന്നിത്. ആറാം കിരിടനേട്ടവും. ആദ്യ സെറ്റില്‍ ഇഗായുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഗൗഫിനായില്ല. ആദ്യ സെറ്റില്‍ രണ്ടു തവണ ഗൗഫിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത ഇഗാ 6-1ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തിലെ ഇഗായുടെ സെര്‍വ് ബ്രേക്ക് ചെയ്ത് ഗൗഫ് തിരിച്ചുവരവിന്റെ സൂചന നല്‍കി. എന്നാല്‍ പിന്നീട് നാലാം ഗെയിമില്‍ ഗൗഫിനെ ബ്രേക്ക് ചെയ്ത ഇഗാ ഒപ്പമെത്തി. സ്വന്തം സെര്‍വ് നിലനിര്‍ത്തിയ ഇഗാ, ഗൗഫിന്റെ അടുത്ത സെര്‍വും ബ്രേക്ക് ചെയ്ത് നിര്‍ണായക 4-2ന്റെ ലീഡെടുത്തു. തിരിച്ചുവരവിനുള്ള സാധ്യതകള്‍ അടച്ച് സ്വന്തം സെര്‍വ് നിലനിര്‍ത്തി ഇഗാ കിരീടത്തില്‍ മുത്തമിടുകയായിരുന്നു.
ഇഗയുടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കാണാന്‍ ലെവന്‍ഡോസ്‌കിയെത്തി; അഭിനന്ദിച്ച് പോളിഷ് താരം- വീഡിയോ വൈറല്‍
