ഇനി 1028 ദിവസം മാത്രമാണ് നമുക്ക് മുന്നില്‍ അവശേഷിക്കുന്നത് എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയ യുവതി കോര്‍ട്ടില്‍ ഇറങ്ങിയ പാടെ കൈകള്‍ ലോഹ വയര്‍ കൊണ്ട് നെറ്റ്സില്‍ ബന്ധിച്ചു.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍(French Open 2022) പുരുഷ സിംഗിള്‍സ് സെമി പോരാട്ടത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകയുടെ വേറിട്ട പ്രതിഷേധം. പുരുഷ സെമിയില്‍ കാസ്പര്‍ റൂഡും മാരിന്‍ സിലിച്ചും(Casper Ruud vs Marin Cilic) തമ്മിലുള്ള പോരാട്ടം മൂന്നാം സെറ്റിലെത്തി നില്‍ക്കുമ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മൂന്നാം സെറ്റിലെ ആറാം ഗെയിം പുരോഗമിക്കുന്നതിനിടെ പൊടുന്നനെ ഒരു യുവതി കാണികള്‍ക്കിടയില്‍ നിന്ന് കോര്‍ട്ടിലേക്ക് ചാടിയിറങ്ങി.

ഇനി 1028 ദിവസം മാത്രമാണ് നമുക്ക് മുന്നില്‍ അവശേഷിക്കുന്നത് എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയ യുവതി കോര്‍ട്ടില്‍ ഇറങ്ങിയ പാടെ കൈകള്‍ ലോഹ വയര്‍ കൊണ്ട് നെറ്റ്സില്‍ ബന്ധിച്ചു. നെറ്റ്സിന്‍റെ ഒരറ്റത്ത് പ്രതിഷേധവുമായി യുവതി മുട്ടുകുത്തിനിന്നതോടെ മത്സരം നിര്‍ത്തിവെച്ചു. ഫ്രാന്‍സുകാരിയായ യുവതി ടിക്കറ്റെടുത്താണ് മത്സരം കാണാനെത്തിയത്. യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല.

പിന്നീട് യുവതിയുടെ കൈകള്‍ നെറ്റ്സില്‍ ബന്ധിച്ചത് അറുത്തുമാറ്റിയശേഷം യുവതിയെ കോര്‍ട്ടില്‍ നിന്ന് നീക്കുകയായിരുന്നു. യുവതിയെ പിന്നീട് പോലീസിന് കൈമാറി. യുവതി പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ സിലിച്ചിനെയും റൂഡിനെയും സിലിച്ചിനെയും സുരക്ഷ മുന്‍നിര്‍ത്തി ലോക്കര്‍ റൂമിലേക്ക് മാറ്റി. പ്രതിഷേധത്തെത്തുടര്‍ന്ന് 13 മിനിറ്റോളം മത്സരം തടസപ്പെട്ടു. നാളെയാണ് ലോക പരിസ്ഥിതിദിനം. ഇതിന് മുന്നോടിയായിട്ടായിരുന്നു യുവതിയുടെ പ്രതിഷേധം.

ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍, നദാലിന് കാസ്‌പര്‍ റൂഡ് എതിരാളി; വനിതാ ഫൈനല്‍ ഇന്ന്

ഇതാദ്യമായല്ല, ഫ്രഞ്ച് ഓപ്പണ്‍ മത്സരത്തിന് വേദിയാവുന്ന ഫിലിപ്പ ചാട്രയര്‍ കോര്‍ട്ട് പ്രതിഷേധങ്ങള്‍ക്ക് വേദിയാവുന്നത്. 2013ലെ പുരുഷ സിംഗിള്‍സ് ഫൈനല്‍ മത്സരത്തിനിടെ പന്തം കൊളുത്തി ഷര്‍ട്ട് ധരിക്കാത്തൊരാള്‍ കോര്‍ട്ടിലേക്ക് ചാടിയിറങ്ങിയിരുന്നു. 2009ലെ ഫൈനല്‍ മത്സരത്തില്‍ കാണികളിലൊരാള്‍ കോര്‍ട്ടിലേക്ക് ചാടിയിറങ്ങി റോജര്‍ ഫെഡററുടെ തലയില്‍ തൊപ്പിവെച്ചു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. 2003ലെ ഫൈനലിനിടയിലും കോര്‍ട്ടിലേക്ക് കാളികളിലൊരാള്‍ ചാടിയിറങ്ങിയിരുന്നു.

മത്സരത്തില്‍ സിലിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ തകര്‍ത്ത് റൂഡ് ഫൈനലിലെത്തിയിരുന്നു. സ്കോര്‍-3-6, 6-4, 6-2, 6-2.