Asianet News MalayalamAsianet News Malayalam

കൊവിഡ് ആശങ്കക്കിടയിലും ഫ്രഞ്ച് ഓപ്പണില്‍ കാണികളെ അനുവദിക്കും

ഈ സാഹചര്യത്തില്‍ വിവിധ കോര്‍ട്ടുകളിലായി സ്റ്റേഡിയത്തിന്റെ ആകെ സീറ്റീംഗ് ശേഷിയുടെ 50-60 ശതമാനം കാണികളെ പ്രവേശിപ്പിച്ച് ടൂര്‍ണമെന്റ് നടത്താന്‍ സംഘാടകര്‍ പദ്ധതിയിടുന്നത്.

French Open to allow spectators despite Covid concerns
Author
Paris, First Published Sep 7, 2020, 10:08 PM IST

പാരീസ്: ഫ്രാന്‍സില്‍ കൊവിഡ് ആശങ്ക ഒഴിഞ്ഞിട്ടില്ലെങ്കിലും ഈ മാസം അവസാനം ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകരായ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍. മെയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബറിലേക്ക് മാറ്റിയത്. ഈ മാസം 27നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്.

കാണികളെ പ്രവേശിപ്പിച്ചാല്‍ കൊവിഡ് കാലത്ത് ഇത്തരത്തില്‍ നടത്തുന്ന ആദ്യ കായിക മാത്സരമായിരിക്കും അത്. കൊവിഡ് കാലത്ത് കാണികളെ പ്രവേശിപ്പിച്ച് മത്സരം നടത്തുന്ന ആദ്യ ടൂര്‍ണമെന്റാവും ഫ്രഞ്ച് ഓപ്പണെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ബെര്‍ണാര്‍ഡ് ഗ്യൂഡിസെല്ലി പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് പാരീസില്‍ 5000ത്തോളം പേര്‍ ഒരുമിച്ച് കൂടുന്നതിന് വിലക്കില്ല.

ഈ സാഹചര്യത്തില്‍ വിവിധ കോര്‍ട്ടുകളിലായി സ്റ്റേഡിയത്തിന്റെ ആകെ സീറ്റീംഗ് ശേഷിയുടെ 50-60 ശതമാനം കാണികളെ പ്രവേശിപ്പിച്ച് ടൂര്‍ണമെന്റ് നടത്താന്‍ സംഘാടകര്‍ പദ്ധതിയിടുന്നത്. കാണികള്‍ക്ക് മാസ്ക് നിര്‍ബന്ധമായിരിക്കും. അതേസമയം, ടൂര്‍ണമെന്റിനെത്തുന്ന കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും സപ്പോര്‍ട്ട് സ്റ്റാഫിനുമെല്ലാം കൊവിഡ്  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കളിക്കാരെ പാരീസ് നഗരത്തിലെത്തുമ്പോഴേ പരിശോധനകള്‍ക്ക് വിധേരാക്കും. മൂന്ന് ദിവസത്തിനുശേഷം വീണ്ടും പരിശോധന നടത്തി കൊവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞാല്‍ മാത്രമെ റൊളണ്ട് ഗാരോസിലെ ബയോ സെക്യുര്‍ ബബ്ബിളിലേക്ക് കളിക്കാരെ പ്രവേശിപ്പിക്കു. ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 30000ത്തോളം പേരാണ് മരിച്ചത്. ദിവസം 8000ല്‍പരം കൊവിഡ് കോസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios