ദില്ലി: ഇന്ത്യയുടെ വീര പുത്രന്‍ വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ കായികരംഗം. പിടിയിലായി മൂന്നാം ദിവസം വാഗ അതിര്‍ത്തി വഴി പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറുകയായിരുന്നു. പ്രാര്‍ത്ഥനകളോടെയായിരുന്നു അഭിനന്ദിന്‍റെ മോചനത്തിലായി ഇന്ത്യന്‍ ജനത കാത്തിരുന്നത്. 

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, സാനിയ മിര്‍സ, വി വി എസ് ലക്ഷ്‌മണ്‍, ഗൗതം ഗംഭീര്‍, സൈന നെഹ്‌വാള്‍, തുടങ്ങി ഇന്ത്യന്‍ കായികരംഗത്തുനിന്ന് നിരവധി പ്രമുഖരാണ് വീരപുത്രനെ സന്തോഷത്തോടെ വരവേറ്റത്. 

നയതന്ത്ര നീക്കങ്ങളും ആകാംക്ഷ നിറഞ്ഞ മണിക്കൂറുകള്‍ക്കും ഒടുവിലായിരുന്നു അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ മോചനം. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിങ് കമാന്‍ററെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തി. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്. 

പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ അതിര്‍ത്തിയില്‍ വിങ് കമാന്‍ററെ കാത്തുനിന്നത്.