ചെന്നൈ: ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യന്‍ അത്‌ലറ്റ് ഗോമതി മാരിമുത്തുവിനെ ലോക അത്‌ലറ്റ്സ് ഇന്റഗ്രിറ്റി യൂണിറ്റ്(എഐയു) നാലു വര്‍ഷത്തേക്ക് വിലക്കി. കഴിഞ്ഞ വര്‍ഷം ദോഹയില്‍ നടന്ന നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായ ഗോമതിക്ക് വിലക്ക് വന്നതോടെ മെഡല്‍ നഷ്ടമാവും. 2. 70 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഗോമതി ദോഹയില്‍ സ്വര്‍ണമണിഞ്ഞത്. ഇല്ലായ്മയില്‍ നിന്ന് സ്വര്‍ണം ഓടിയെടുത്ത ഗോമതിയുടെ നേട്ടം രാജ്യം ആഘോഷിക്കുകയും ചെയ്തിരുന്നു.

നിരോധിത മരുന്നിന്റെ സാന്നിധ്യം ഗോമതിയുടെ മൂത്ര സാംപിളില്‍ കണ്ടെത്തിയതിനെത്തുര്‍ന്നാണ് നടപടി. മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2019 മെയ് 17 മുതല്‍ 2023 മെയ് 16 വരെയാണ് വിലക്ക്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18 മുതല്‍ മെയ് 17വരെയുള്ള ഗോമതിയുടെ മത്സരഫലങ്ങളെല്ലാം റദ്ദാക്കിയതിനൊപ്പം, റാങ്കിംഗ് പോയന്റ്, പ്രൈസ് മണി, പങ്കെടുക്കുന്നതിനുള്ള പ്രതിഫലം എന്നിവയെല്ലാം റദ്ദാക്കിയിട്ടുമുണ്ട്.


ഇതിനുപുറമെ 1000 പൗണ്ട്(ഏകദേശം ഒരു ലക്ഷം രൂപ) എഐയുവില്‍ പിഴയായും നല്‍കണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18ന് പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്സിനിടെ ശേഖരിച്ച ഗോമതിയുടെ രണ്ട് മൂത്ര സാംപിളിലും ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ട്രയല്‍സിനിടെ ശേഖരിച്ച രണ്ട് മൂത്ര സാംപിളിലും നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.നാല് സാംപിളുകളിലും പ്രകടനം മെച്ചപ്പെടുത്താനായി ഉപയോഗിക്കുന്ന നിരോധിത മരുന്നായ ആന്‍ഡ്രോസ്റ്റിറോണ്‍(സ്റ്റിറോയ്ഡ് 19) ന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.

Also Read: അച്ഛന്‍ തവിട് കഴിച്ച് വിശപ്പകറ്റി, മകള്‍ സ്വര്‍ണവുമായെത്തി; നേട്ടം കാണാന്‍ അച്ഛനില്ലെന്ന് മാത്രം

ആദ്യ മൂന്ന് സാംപിളുകളും ശേഖരിച്ചത് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) ആയിരുന്നു. ഇതിന്റെ ഫലം വരുന്നത് താമസിച്ചതിനാല്‍ ഗോമതി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മത്സരിക്കുകയും സ്വര്‍ണം നേടുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ ഗോമതിയുടെ കരളലിയിപ്പിക്കുന്ന കഥകള്‍ ആരാധരെ നൊമ്പരപ്പെടുത്തിയിരുന്നു.