ദില്ലി: രാജ്യത്തിന്‍റെ കായികനയം കേന്ദ്ര സര്‍ക്കാരും കായികമന്ത്രാലയവും ചേര്‍ന്നാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജി‌ജു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്കും സ്വീകാര്യമായ നയം രൂപീകരിക്കുക സര്‍ക്കാരിന്‍റെ കടമയാണ്. ഇതില്‍ കോടതിക്ക് കൈകടത്താനാവില്ലെന്നും അദേഹം ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

2017ലെ കരടുനയം കേന്ദ്ര കായികമന്ത്രാലയം തള്ളിയതായി കിരണ്‍ റിജി‌ജു അറിയിച്ചു. 'മന്ത്രാലയം കരടുനയം അംഗീകരിച്ചിട്ടില്ല. കരടുനയം എങ്ങനെ വേണമെന്ന് കോടതി തീരുമാനിക്കരുത്. കായിക മന്ത്രാലയത്തിന് കോടതിയുടെ ഒരു നോട്ടീസ് ലഭിച്ചിരുന്നു. അതിനാല്‍ മന്ത്രാലയത്തിന്‍റെ നയമെന്താണ് എന്ന് കോടതിയെ അറിയിക്കേണ്ടതുണ്ട്. ഇന്ത്യയുടെ കായികനയം തീരുമാനിക്കുക ഗവര്‍മെ‌ന്‍റാണ്, കോടതിയല്ലെന്നും റിജിജു പറഞ്ഞു'.

ദേശീയ കായികനയവുമായും അന്താരാഷ്‌ട്ര മാനദണ്ഡങ്ങളുമായി യോജിക്കുന്നതല്ല കരടുനയം എന്ന് മന്ത്രാലയം കോടതിയെ അറിയിച്ചിട്ടുണ്ട്. 'ഇന്ത്യന്‍ കായികരംഗത്തിന്‍റെ ഇപ്പോഴത്തെ ആവശ്യങ്ങളെയും വരുംകാല അഭിലാഷങ്ങളെയും കരടുനയം ക്രിയാത്മകമായി സമീപിച്ചിട്ടില്ല. ദേശീയകായിക നയത്തിന്‍റെയും അന്തര്‍ദേശീയ ചുമതലകളുടെയും നിലവിലെ കായികവികസനത്തിന്‍റെയും അടിസ്ഥാനത്തിലാണ് കരടുനയം മന്ത്രാലയം പരിശോധിച്ചത്. കായികമികവിനും കായികസംസ്‌കാരം വളര്‍ത്തുന്നതിനും കാതലായ നിര്‍ദേശങ്ങളൊന്നും അതിലില്ല'- കോടതിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.. 

പരിധിയില്‍ വരുമോ ബിസിസിഐ?

'കായികനയത്തിന്‍റെ കാര്യത്തില്‍ എന്തിന് ബിസിസിഐയെ വലിച്ചിഴയ്‌ക്കണം. ക്രിക്കറ്റ് ഒളിംപിക് ഇനമല്ല. നിയമാവലിയില്‍ ബിസിസിഐയെ ഒരുതരത്തിലും പരിഗണിക്കാന്‍ ഉദേശിക്കുന്നില്ല. ക്രിക്കറ്റ് കായിക ഇനമാണെങ്കില്‍ രാജ്യത്തെ എല്ലാ കായിക ഇനങ്ങളും ഒരേ നിയമാവലി പിന്തുടരണം. കരടുരേഖയില്‍ ബിസിസിഐയെ ഉള്‍പ്പെടുത്തും എന്ന പ്രചാരണം തെറ്റാണെന്നും' കിരണ്‍ റിജി‌ജു കൂട്ടിച്ചേര്‍ത്തു.