തിരുവനന്തപുരം: ഐപിഎല്‍ മാതൃകയില്‍ വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ നടത്തിപ്പിന് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കമ്പനി രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിനോദ സഞ്ചാര വകുപ്പിന് നേരിട്ട് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കമ്പനി രൂപീകരിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ടൂറിസം മന്ത്രി, ധനമന്ത്രി, ടൂറിസം സെക്രട്ടറി, ധനകാര്യ സെക്രട്ടറി, കെടിഐഎല്‍ ചെയര്‍മാന്‍ എന്നിവരാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.

നിലവിലുള്ള ചുണ്ടന്‍ വള്ളംകളികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വിനോദസഞ്ചാര വകുപ്പ് ഐപിഎല്‍ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് സംഘടിപ്പിക്കുന്നത്. ബോട്ട് ലീഗിന്റെ നടത്തിപ്പിനായി ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ ടെക്നിക്കല്‍ ഇവാല്യുവേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും, കണ്‍സോര്‍ഷ്യത്തെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

 വിദേശികളടക്കമുള്ള വലിയ ജനപങ്കാളിത്തം ലീഗ് മത്സരങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ജലോത്സവങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ബോട്ട് ലീഗ് സംഘടിപ്പിക്കില്ല. മൂന്നുമാസം നീളുന്ന സിബിഎല്‍-ല്‍ ഒമ്പത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12 വേദികളിലായി, 12 മത്സരങ്ങളാണ് സിബിഎല്‍-ല്‍ ഉണ്ടാകുന്നത്. ഓഗസ്റ്റ് 10 മുതല്‍ നവംബര്‍ ഒന്നു വരെയാണ് മത്സരങ്ങള്‍.

ഓഗസ്റ്റ് പത്തിന് ആലപ്പുഴ പുന്നമടക്കായലില്‍ നെഹൃ ട്രോഫി വള്ളം കളിക്കൊപ്പമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ആദ്യ മത്സരം തുടങ്ങുന്നത്. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കൊല്ലത്തു നടക്കുന്ന പ്രസിഡന്‍റ്സ് ബോട്ട് റെയ്സിനൊപ്പം സിബിഎല്‍ സമാപിക്കും. ഇതിനിടെ വരുന്ന വാരാന്ത്യങ്ങളിലാണ് ബാക്കി മത്സരങ്ങള്‍. പുളിങ്കുന്ന്, ആലപ്പുഴ(ആഗസ്റ്റ് 17), താഴത്തങ്ങാടി, കോട്ടയം(ആഗസ്റ്റ് 24), പിറവം, എറണാകുളം(ഓഗസ്റ്റ് 31), മറൈന്‍ ഡ്രൈവ്, എറണാകുളം(സെപ്റ്റംബര്‍ 7), കോട്ടപ്പുറം, തൃശൂര്‍(സെപ്റ്റംബര്‍ 21), പൊന്നാനി, മലപ്പുറം(സെപ്റ്റംബര്‍ 28), കൈനകരി, ആലപ്പുഴ(ഒക്ടോബര്‍ 05), കരുവാറ്റ, ആലപ്പുഴ(ഒക്ടോബര്‍ 12), കായംകുളം, ആലപ്പുഴ(ഒക്ടോബര്‍ 19), കല്ലട, കൊല്ലം(ഒക്ടോബര്‍ 26) എന്നിങ്ങനെയാണ് മത്സര തിയതികള്‍.

ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5 മണിവരെയാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.