തിരുവനന്തപുരം: മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള ജി വി രാജ കായിക പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് സ്‌പോര്‍‌ട്‌സ് എഡിറ്റര്‍ ജോബി ജോര്‍ജിന്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മലയാളി പെരുമ ഉയര്‍ത്തിക്കാട്ടുന്ന സമഗ്ര റിപ്പോര്‍ട്ടിംഗിനാണ് അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസിലെ മലയാളി താരങ്ങളുടെ മുന്‍കാല പ്രകടനവും കയ്യടക്കത്തോടെ ജോബി ജോര്‍ജ് കൈകാര്യം ചെയ്തതായി ജൂറി വിലയിരുത്തി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം അത്‌ലറ്റ് മുഹമ്മദ് അനസും വനിതാ താരത്തിനുള്ള അവാര്‍ഡ് ബാഡ്‌മിന്‍റണ്‍ താരം പി സി തുളസിയും സ്വന്തമാക്കി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലിലെത്തിയതുമാണ് അനസിനെ അവാര്‍ഡിലേക്കെത്തിച്ചത്. ഏഷ്യന്‍ ഗെയിംസ് വെങ്കല നേട്ടമാണ് പിസി തുളസിക്ക് തുണയായത്. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സജീവന്‍ ബാലന്‍ മികച്ച പരിശീലകനും അത്‌ലറ്റിക്‌സ് പരിശീലകന്‍ ടിപി ഔസേഫ് ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡും കരസ്ഥമാക്കി. 

Read more: മുഹമ്മദ് അനസിനും പി സി തുളസിക്കും ജിവി രാജ പുരസ്‌കാരം