ഈ ഹോക്കി സ്റ്റിക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആർക്കും pmmementos.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്

ദില്ലി: ടോക്കിയോ ഒളിംപിക്‌സിലെ(Tokyo 2020) വെങ്കല മെഡല്‍ നേട്ടത്തിന് ശേഷം ഇന്ത്യന്‍ പുരുഷ ഹോക്കി ടീം(Indian Men's Hockey Team) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്(Narendra Modi) സമ്മാനിച്ച ഹോക്കി സ്റ്റിക്‌ ലേലത്തില്‍. മൻപ്രീത് സിംഗിന്റെ(Manpreet Singh) നേതൃത്വത്തിലുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം ഒപ്പുവെച്ച ഹോക്കി സ്റ്റിക്കാണ് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഓൺലൈൻ ലേലത്തിൽ ഇടംപിടിച്ചിരിക്കുന്നത്. ലേലത്തിൽ നിന്ന് സമാഹരിക്കുന്ന തുക ഗംഗ നദിയുടെ സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന നമാമി ഗംഗ(Namami Gange) പദ്ധതിക്കായി വിനിയോഗിക്കും. 

ഈ ഹോക്കി സ്റ്റിക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആർക്കും pmmementos.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. സെപ്റ്റംബർ 17ന് ആരംഭിച്ച ഓൺലൈൻ ലേലം ഒക്‌ടോബർ ഏഴ് വരെ നീണ്ടുനിൽക്കും. 

നീണ്ട 41 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യൻ ഹോക്കി ടീം ഒളിംപിക് മെഡല്‍ നേടിയത്. 1980ന് ശേഷം ആദ്യമായാണ് ഹോക്കിയില്‍ ഇന്ത്യയുടെ ഒളിംപിക് മെഡല്‍ നേട്ടം. ടോക്കിയോ ഒളിംപിക്‌സില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജര്‍മനിയെ തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം വെങ്കല മെഡല്‍ അണിഞ്ഞത്. ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി മലയാളി ഗോളി പി ആര്‍ ശ്രീജേഷ് ഇന്ത്യക്ക് മെഡല്‍ സമ്മാനിക്കുകയായിരുന്നു. 

ഇത് പുതിയ ഇന്ത്യ: മോദി

ഒളിംപിക്‌സില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. 'ഇത് പുതിയ ഇന്ത്യയാണ് ആത്മവിശ്വാസം നിറഞ്ഞുതുളുമ്പുന്ന ഒരു ഇന്ത്യ. ഓരോ ഭാരതീയന്റെയും ഓർമ്മകളിൽ എന്നും നിലനിൽക്കുന്ന ഒരു ചരിത്ര ദിനമാണ് ഇന്ന്. രാജ്യത്തേക്ക് വെങ്കല മെഡൽ കൊണ്ടുവന്ന ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങൾ. നമ്മുടെ യുവാക്കൾക്ക് പുതിയ പ്രതീക്ഷകൾ ആണ് അവർ സമ്മാനിച്ചിരിക്കുന്നത്' എന്നുമായിരുന്നു നരേന്ദ്ര മോദിയുടെ വാക്കുകള്‍. 

ടോക്കിയോയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി നേരില്‍ക്കണ്ട് അഭിനന്ദിച്ചിരുന്നു. ഈ ചടങ്ങിലാണ് താരങ്ങള്‍ എല്ലാവരും ഒപ്പുവെച്ച ഹോക്കി സ്റ്റിക് ഇന്ത്യന്‍ ടീം നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ നീലപ്പടയോട്ടം; ഗോള്‍മഴയില്‍ ചരിത്ര വെങ്കലം

ഒടുവില്‍ മന്‍പ്രീത് വാക്കുപാലിച്ചു, വിവാഹ സമ്മാനമായി ഭാര്യക്ക് ഒളിംപിക് മെഡല്‍

രണ്ടു സുവര്‍ണതാരങ്ങള്‍ ഒറ്റ ഫ്രെയിമില്‍, നീരജ് ചോപ്രയുമായി കൂടിക്കാഴ്ച നടത്തി അഭിനവ് ബിന്ദ്ര