പ്രേഗ്: പതിനെട്ടു ദിവസത്തിനിടെ അഞ്ചാം സ്വര്‍ണം നേടി ഇന്ത്യൻതാരം ഹിമാ ദാസ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന ഗ്രാൻപ്രീയിലെ 400 മീറ്ററിലാണ് ഹിമാ ദാസ് സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡിലാണ് ഹിമ ഫിനിഷ് ചെയ്തത്.

സീസണില്‍ ഹിമയുടെ മികച്ച സമയമാണിത്. പരിക്കു കാരണം കഴിഞ്ഞ ഏപ്രിലില്‍ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയ ശേഷം ആദ്യമായാണ് ഹിമ 400 മീറ്ററില്‍ മത്സരിച്ചത്.

ജൂലൈ രണ്ടിന് പോളണ്ട് ഗ്രാൻപ്രിയില്‍ 200 മീറ്ററിൽ സ്വര്‍ണം നേടിയാണ് ഹിമ കുതിപ്പ് തുടങ്ങിയത്. ഉജ്ജ്വല പ്രകടനം തുടന്ന ഹിമയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും അഭിനന്ദിച്ചു.

രാജ്യത്തിനായി കൂടുതല്‍ മെഡലുകള്‍ നേടുമെന്ന് പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റിന് മറുപടിയായി ഹിമ കുറിച്ചു.

യൂറോപ്യന്‍ സര്‍ക്യൂട്ടിലെ ഹിമയുടെ സ്വപ്ന കുതിപ്പിനെ സച്ചിനും അഭിനന്ദിച്ചു. നിങ്ങളുടെ വിജയതൃഷ്ണ യുവതലമുറക്ക് മാതൃകയാണെന്ന് സച്ചിന്‍ വ്യക്തമാക്കി. തിരിച്ചെത്തിയാല്‍ താങ്കളുടെ അനുഗ്രഹം വാങ്ങാന്‍ നേരിട്ട് എത്തുമെന്ന് ഹിമ സച്ചിന് മറുപടി നല്‍കി.

നിങ്ങളാണ് യഥാര്‍ത്ഥ പ്രചോദനം, ഇന്ത്യയുടെ സുവര്‍ണ വനിത എന്നായിരുന്നു ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ട്വീറ്റ്.