ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കിലെ വേഗറാണിയെ ഇന്നറിയാം. വനിതാ വിഭാഗം 100 മീറ്റര്‍ സെമിയും ഫൈനലും ഇന്ന് നടക്കും. സെമി ഇന്ത്യന്‍സമയം രാത്രി 11.50നും ഫൈനല്‍ പുലര്‍ച്ചെ 1.50നും തുടങ്ങും. സീസണിലെ പ്രകടനം പരിശോധിച്ചാൽ ജമൈക്കന്‍ താരങ്ങളായ എലെയിന്‍ തോംസണും ഷെല്ലി ആന്‍ ഫ്രേസറും ആണ് മുന്നിട്ടുനില്‍ക്കുന്നത്.

അമ്മയായ ശേഷം ട്രാക്കിലേക്ക് തിരിച്ചുവന്ന 32കാരിയായ ഷെല്ലി സീസണില്‍ രണ്ട് ഡയമണ്ട് ലീഗുകളില്‍ വിജയിച്ചിരുന്നു. 27കാരിയായ തോംസൺ ജൂണില്‍ ഷെല്ലിയെ തോൽപ്പിച്ച് കിംഗ്സ്റ്റണിൽ ചാമ്പ്യനായി. ബ്രിട്ടന്‍റെ ആഷേര്‍ സ്‌മിത്ത്, ഐവറി കോസ്റ്റിന്‍റെ മാരി ജോസ്, അമേരിക്കയുടെ ടോറി ബൗവി, ഇംഗ്ലീഷ് ഗാര്‍ഡനര്‍ എന്നിവരും മെഡൽ പ്രതീക്ഷയിലാണ് ഇറങ്ങുന്നത്.

ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മന്‍ വേഗരാജാവായിരുന്നു. ബോള്‍ട്ട് അരങ്ങൊഴിഞ്ഞ 100 മീറ്റര്‍ ട്രാക്കിൽ 47 ചുവടുകൊണ്ട് ക്രിസ്റ്റ്യന്‍ കോള്‍മന്‍ ഒന്നാമനായി. ഹീറ്റ്സില്‍ 9.98ഉം, സെമിയിൽ 9.88ഉം സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത കോള്‍മാന്‍ ഫൈനലില്‍ 100 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 9.76 സെക്കന്‍ഡിൽ. കോള്‍മന്‍റെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്.